പരീക്ഷാ ക്രമക്കേട്: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു; സമരത്തില്‍ ഭിന്നതയെന്ന് സൂചന

പരീക്ഷാ ക്രമക്കേട്: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു; സമരത്തില്‍ ഭിന്നതയെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ പരീക്ഷാ ചോദ്യ ചോര്‍ച്ചാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് വ്യക്തമാക്കിയതോടെ പ്രതിഷേധങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. ജന്തര്‍മന്തറില്‍ കഴിഞ്ഞ 25 ദിവസമായി തുടരുന്ന നിരാഹാര സമരം താല്‍കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്ന് അദേഹം സമരക്കാരോട് അഭ്യര്‍ഥിച്ചു.

പ്രതിഷേധക്കാര്‍ക്കെതിരെ കേസുകളോ മറ്റ് പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയാല്‍ താന്‍ ഉപവാസം അവസാനിപ്പിക്കാന്‍ സന്നദ്ധനാണെന്നും അദേഹം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയ്ക്കും ജിതേന്ദ്ര സിങിനും അയച്ച കത്ത് വാങ്ചുക്ക് പുറത്തുവിട്ടിട്ടുണ്ട്. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച മന്ത്രി ജെ.പി നഡ്ഡ സര്‍ക്കാരിന് ചര്‍ച്ചകള്‍ക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി.

എന്നാല്‍ ഈ നിലപാടിനോട് പൂര്‍ണമായി യോജിക്കാന്‍ സി.ജെ.പി തയ്യാറായിട്ടില്ല. ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണണ്ണമായി അംഗീകരിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വിദ്യാര്‍ഥികള്‍ നേരിട്ട അതിക്രമവും വാങ്ചുക്കിന്റെ ത്യാഗവും പാഴാകാന്‍ അനുവദിക്കില്ലെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പ്രസ്താവിച്ചു. ബന്ധപ്പെട്ട മന്ത്രിയുടെ രാജി, ജീവനൊടുക്കിയ നീറ്റ് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ ഒഴിവാക്കല്‍, അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണം എന്നി നാല് പ്രധാന ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും ഇനി ജന്തര്‍മന്തര്‍ വിട്ട് മറ്റിടങ്ങളിലേക്ക് പോകില്ലെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കായി മന്ത്രിയുടെ വസതിയില്‍ എത്തിയപ്പോള്‍ പുറത്ത് സമരക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായതാണ് ഈ തീരുമാനത്തിന് കാരണം. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അടുത്തുള്ള ഏതെങ്കിലും നിഷ്പക്ഷ വേദിയിലോ ജന്തര്‍മന്തറിലോ വെച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തട്ടെയെന്നും സമരം തുടരുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.