ന്യൂഡല്‍ഹി: പ്രവാസികളില്‍ നിന്ന് അമിത പാസ്പോര്‍ട്ട് ഫീസ് ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. നാട്ടിലുള്ള അപേക്ഷകരേക്കാള്‍ നാലിരട്ടിയോളം തുക പ്രവാസികളില്‍ നിന്ന് ഫീസിനത്തില്‍ ഈടാക്കുന്നതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിനൊപ്പം വിദേശത്തെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ ഈടാക്കുന്ന ഔട്ട്സോഴ്സിങ് സര്‍വീസ് ചാര്‍ജുകളും പ്രവാസികള്‍ക്ക് വന്‍ ബാധ്യതയാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി ഒരു ഔദ്യോഗിക നിവേദനമായി പരിഗണിച്ച്, വിഷയത്തില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. എടുക്കുന്ന തീരുമാനം ഹര്‍ജിക്കാരെ ഔദ്യോഗികമായി അറിയിക്കാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് എന്നത് അവരുടെ ഉപജീവനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന രേഖയാണ്. ജോലി ഉറപ്പാക്കാനും വിസ പുതുക്കാനും അനിവാര്യമായ ഈ രേഖയ്ക്കായി അമിത തുക ഈടാക്കുന്നത് നീതികേടാണെന്ന നിരീക്ഷണം പ്രവാസികള്‍ക്ക് ആശ്വാസമേകുന്നു. കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ വിഷയം പരിഗണിക്കണമെന്നത് വിദേശത്തുള്ള ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.
വിദേശത്തെ പാസ്പോര്‍ട്ട് ഫീസ് നിരക്കുകള്‍ ന്യായമായ രീതിയില്‍ പുനക്രമീകരിക്കുക, നിര്‍ബന്ധിത സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുക, സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഫീസില്‍ ഇളവുകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് പ്രവാസി ലീഗല്‍ സെല്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലോബല്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ജോസ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ പ്രവാസി സൗഹൃദ തീരുമാനം പ്രതീക്ഷിക്കുന്നതായി പ്രവാസി സംഘടനകള്‍ വ്യക്തമാക്കി.