സോള്‍: ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ നൂറ്റാണ്ടിലെ വിവാഹമോചനം എന്ന് വിശേഷിപ്പിച്ച കേസില്‍ എസ്.കെ ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ചേ തെയ് വോണിന് വന്‍ തിരിച്ചടി. മുന്‍ ഭാര്യയും മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് റോ തേ വൂവിന്റെ മകളുമായ റോ സോ യോങിന് നഷ്ടപരിഹാരമായി 94,400 കോടി വോണ്‍ (ഏകദേശം 6,230 കോടി രൂപ) നല്‍കണമെന്ന് സോള്‍ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് ഏവരും ഉറ്റുനോക്കിയ നിര്‍ണായക വിധി വന്നത്.
സോള്‍ ആര്‍ട്ട് മ്യൂസിയം ഡയറക്ടറായ റോ സോ യോങും ചേ തെയ് വോണും 1988 ലാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് മക്കളും ഉണ്ട്. എന്നാല്‍ തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും ചേ പരസ്യമായി വെളിപ്പെടുത്തിയതോടെയാണ് ദാമ്പത്യത്തില്‍ വിള്ളല്‍ ഉണ്ടായത്. തുടര്‍ന്ന് 2017 ല്‍ ചേ തന്നെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
മുമ്പ് ഈ കേസില്‍ 1.38 ലക്ഷം കോടി വോണ്‍ നഷ്ട പരിഹാരവും 200 കോടി വോണ്‍ ജീവനാംശവും നല്‍കാന്‍ ഹൈക്കോടതി വിധിച്ചിരുന്നു. മുന്‍ പ്രസിഡന്റ് റോ തേ വൂവിന്റെ രഹസ്യ സമ്പാദ്യത്തില്‍ നിന്നുള്ള 3000 കോടി വോണ്‍ എസ്.കെ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി എന്ന വാദം അംഗീകരിച്ചായിരുന്നു അന്നത്തെ വിധി. എന്നാല്‍ ഈ ഉത്തരവ് പിന്നീട് സുപ്രീം കോടതി റദ്ദാക്കുകയും കേസ് പുനപരിശോധിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തുണ്ടായ മുന്നേറ്റം എസ്.കെ ഗ്രൂപ്പിന് കീഴിലുള്ള സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ എസ്.കെ ഹൈനിക്സിന്റെ ഓഹരി മൂല്യം കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സമീപ മാസങ്ങളില്‍ ചേ തെയ് വോണിന്റെ വ്യക്തിഗത ആസ്തിയിലുണ്ടായ വന്‍ വളര്‍ച്ച കൂടി കണക്കിലെടുത്താണ് കോടതി ഇപ്പോള്‍ പുതിയ നഷ്ടപരിഹാര തുക നിശ്ചയിച്ചിരിക്കുന്നത്.