ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവുമാക്കാന്‍ ലക്ഷ്യമിട്ട് ആഗോള സാങ്കേതിക വിദഗ്ധന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര കര്‍മ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയും എക്സിലൂടെയും പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉറപ്പ് നല്‍കുന്ന നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. അത്യാധുനിക സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കി ഭാവിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പൂര്‍ണമായും തടയുന്ന രീതിയിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് സമിതിയുടെ പ്രധാന ലക്ഷ്യം. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, മുന്‍ ഐ.ബി ഡയറക്ടര്‍ തപന്‍ ഡെക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടി എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് നന്ദന്‍ നിലേകനിക്കൊപ്പം സമിതിയിലുള്ളത്.
വിദ്യാര്‍ഥികളുടെ ഭാവി വെച്ച് പന്താടുന്ന കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സന്ദേശത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട പലരും നിലവില്‍ ജയിലിലാണെന്നും കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിന് ശക്തമായ ശിക്ഷാ വ്യവസ്ഥകളും വന്‍തുക പിഴയും ഉറപ്പാക്കുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വരും ദിവസങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത പൂര്‍ണമായും സംരക്ഷിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷിക്കാണ് മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ പ്രതിബദ്ധതയോടെ നിറവേറ്റുമെന്നും ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെയുള്ള നിര്‍ണായക പദ്ധതികള്‍ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും ചുമതലയേറ്റ ശേഷം പ്രല്‍ഹാദ് ജോഷി വ്യക്തമാക്കിയിരുന്നു.