ഹൈദരാബാദ്: രാജ്യത്ത് എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരായി മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 25 വയസില്‍ നിന്ന് 21 ആയി കുറയ്ക്കണമെന്ന നിര്‍ദേശവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭരണം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യത്തിന് സാധിച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ജെന്‍സി തലമുറയില്‍പ്പെട്ട യുവനേതാവിനെ നിയമിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിയില്‍ രേവന്ത് റെഡ്ഡി ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്.
ഈ നിര്‍ദേശം അംഗീകരിക്കുന്നതിനായി തെലങ്കാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഓഗസ്റ്റ് ആദ്യവാരം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് പ്രമേയം അയച്ചുകൊടുക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച ചെയ്ത് പാര്‍ലമെന്റില്‍ സ്വകാര്യ ബില്ലായി അവതരിപ്പിക്കാനുള്ള സാധ്യതകള്‍ തേടുമെന്നും അദേഹം വ്യക്തമാക്കി. വിഷയം പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളുടെ മുന്നിലും അവതരിപ്പിക്കും.
ഐ.എ.എസ് പോലെയുള്ള ഉയര്‍ന്ന സിവില്‍ സര്‍വീസ് തസ്തികകളിലേക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലേക്കും 21 വയസുള്ളവര്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ എന്തുകൊണ്ട് നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചുകൂടാ എന്ന് അദേഹം ചോദിച്ചു. ലോകത്തിലെ പല രാജ്യങ്ങളിലും കുറഞ്ഞ പ്രായത്തില്‍ ജനപ്രതിനിധികളാകാന്‍ അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദേഹം, ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയൊരു ഭാഗം വരുന്ന യുവതലമുറയ്ക്ക് പാര്‍ലമെന്റില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കി.
മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം എന്നിവയ്‌ക്കൊപ്പം ഭരണഘടനാ ഭേദഗതിയിലൂടെ പ്രായപരിധി കുറയ്ക്കുന്ന വിഷയവും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് അദേഹം ആവശ്യപ്പെട്ടു.
സമരം ചെയ്ത വിദ്യാര്‍ഥികളുടെ വിജയം കാരണമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടി വന്നതെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനടി പിന്‍വലിക്കണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോഡി യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഭരണഘടനയനുസരിച്ച് ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 ഉം രാജ്യസഭയിലേക്ക് 30 ഉം ആണ്. ഇതില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി അത്യാവശ്യമാണ്.