തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി കരയില്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ ജൂലൈ 30 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദമാണ് കൂടുതല്‍ കരുത്താര്‍ജിച്ച് തീരത്തേക്ക് നീങ്ങുന്നത്. പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലൂടെ കര തൊടുന്ന ഈ കാലാവസ്ഥാ സംവിധാനത്തിന് പുറമെ പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലും മറ്റൊരു ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സംയുക്ത സ്വാധീനത്തിലാണ് കേരളത്തില്‍ പരക്കെ മഴ ശക്തമാകുന്നത്.
വരും ദിവസങ്ങളില്‍ മഴ തെക്കന്‍ ജില്ലകളിലേക്കും മധ്യകേരളത്തിലേക്കും വ്യാപിക്കും. നാളെ എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കും. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടനിലയിലുള്ള മരങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും സമീപം നില്‍ക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.