പെല്ലറ്റ് പ്രയോഗത്തിന് ഉത്തരവിട്ട അമിത് ഷായ്ക്ക് ഭയം; പരീക്ഷാ തട്ടിപ്പില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പെല്ലറ്റ് പ്രയോഗത്തിന് ഉത്തരവിട്ട അമിത് ഷായ്ക്ക് ഭയം; പരീക്ഷാ തട്ടിപ്പില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ തട്ടിപ്പുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് പ്രയോഗിക്കാന്‍ ഉത്തരവിട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭയം കാരണം ലോക്സഭയില്‍ വരാതിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. പൊതുപരീക്ഷ തട്ടിപ്പ് തടയല്‍ ഭേദഗതി ബില്ലിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

സമര രംഗത്തിറങ്ങിയ യുവാക്കളുടെ പ്രതികരണം രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആഴത്തിലുള്ള വികാര പ്രകടനമാണെന്ന് അദേഹം പറഞ്ഞു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഭരണകൂടം പെല്ലറ്റ് പ്രയോഗം നടത്തുകയായിരുന്നുവെന്നും അമിത് ഷാ 30 കാറുകളുടെ അകമ്പടിയില്‍ ഭയന്ന് വിറച്ചാണ് സഞ്ചരിക്കുന്നതെന്നും രാഹുല്‍ സഭയില്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ആഭ്യന്തര മന്ത്രിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഇഡിയറ്റ്, അന്ധഭക്തര്‍ എന്നി പ്രയോഗങ്ങളും സഭയില്‍ വലിയ ബഹളത്തിന് കാരണമായി. താന്‍ കുറച്ച് വിദ്യാര്‍ഥികളുമായി സംസാരിച്ചുവെന്നും കാര്യങ്ങള്‍ കേള്‍ക്കാന്‍ വിഡ്ഢികള്‍ തയ്യാറാകുന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കുകയുണ്ടായി. അന്ധഭക്തര്‍ ഇഡിയറ്റിനെ ദൈവത്തെപ്പോലെ കാണുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയാണെന്ന് കിരണ്‍ റിജിജു ചൂണ്ടിക്കാണിക്കുകയും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

രാഹുല്‍ ഈ പരാമര്‍ശങ്ങള്‍ ആര്‍ക്കും എതിരെയല്ലെന്ന് വ്യക്തമാക്കിയതോടെ സ്പീക്കര്‍ ഓം ബിര്‍ള അണ്‍പാര്‍ലമെന്ററി വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കുമെന്ന് ഉറപ്പ് നല്‍കി സഭ ശാന്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും പരീക്ഷാ സംവിധാനങ്ങളെയും ആര്‍എസ്എസ് പൂര്‍ണമായി കൈയടക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്വകാര്യവല്‍ക്കരണം മൂലം സ്വകാര്യ കമ്പനികളാണ് പരീക്ഷാ പേപ്പറുകള്‍ വരെ പരിശോധിക്കുന്നതെന്നും തുടര്‍ച്ചയായ ചോര്‍ച്ചകള്‍ കാരണം പരീക്ഷാ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും അദേഹം പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ വിദ്യാര്‍ഥികളുടെ സമരം അക്രമമല്ലെന്നും, ഭരണാധികാരികള്‍ കേള്‍ക്കാതിരുന്നപ്പോള്‍ തെരുവിലിറങ്ങേണ്ടി വന്ന യുവതയുടെ അഭിമാനകരമായ പ്രകടനമാണെന്നും സഭയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.