ജക്കാർത്ത: സിനഡൽ പരിവർത്തനത്തിനുള്ള ആഹ്വാനം നൽകി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്നു വന്ന ഏഷ്യൻ മെത്രാൻ സമിതികളുടെ ഫെഡറേഷൻ പ്ലീനറി സമ്മേളനം സമാപിച്ചു.
മറ്റുള്ളവർ സംശയത്തിന്റെ മതിലുകൾ പണിയുന്നിടത്ത് വിശ്വാസത്തിന്റെയും സംഭാഷണത്തിന്റെയും പാലങ്ങൾ പണിയുവാനും അക്രമവും സംഘർഷവും സമൂഹങ്ങളെ വിഭജിക്കുന്നിടത്ത് സമാധാനത്തിന്റെ പാലങ്ങൾ നിർമ്മിക്കുവാനും ദരിദ്രരും ദുർബലരും ഒഴിവാക്കപ്പെട്ടവരും അന്തസിനായി കൊതിക്കുന്നിടത്ത് കാരുണ്യത്തിന്റെ സ്പർശനം നൽകാനും മെത്രാന്മാർ ആഹ്വാനം ചെയ്തു.
വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിനായി സഭയിൽ നിരന്തരമായ 'സിനഡൽ പരിവർത്തനം' ആവശ്യമാണെന്നും ക്രിസ്തുവിനെപ്പോലെ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാധ്യമമായി സഭ മാറണമെന്നും സമ്മേളനം വിലയിരുത്തി. സിനഡാലിറ്റി എന്നത് കേവലം ഒരു പ്രവർത്തന രീതിയല്ല, മറിച്ച് മിഷനറി പ്രവർത്തനങ്ങൾക്കായി ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്ന ഒരു യാത്രയാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഘടനകളിലോ രേഖകളിലോ മാത്രം ഒതുങ്ങി നിൽക്കാതെ, സിനഡാലിറ്റി സഭയെ ക്രിസ്തുവിനോട് കൂടുതൽ അടുപ്പിക്കുകയും പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും വേണമെന്നും ദരിദ്രർ, യുവാക്കൾ, കുടിയേറ്റക്കാർ തുടങ്ങി സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം കേൾക്കുന്നതിലൂടെ മാത്രമേ ഈ യാത്ര അർത്ഥപൂർണ്ണമാകൂ എന്നും കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ഏഷ്യൻ ഭൂഖണ്ഡം നേരിടുന്ന ധ്രുവീകരണം, പാരിസ്ഥിതിക പ്രതിസന്ധി, സാങ്കേതിക മാറ്റങ്ങൾ, സാമ്പത്തിക അസമത്വം എന്നിവ വെല്ലുവിളികൾ എന്നതിലുപരി സുവിശേഷ സാക്ഷ്യത്തിനുള്ള അവസരങ്ങളാണെന്നും പരസ്പരമുള്ള കേൾവിയും വിവേചനവും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ സഭയിൽ യഥാർത്ഥ കൂട്ടായ്മയും പങ്കാളിത്തവും സാധ്യമാകൂ എന്നും സമ്മേളനം വിലയിരുത്തി.
വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും അതീതമായി സമാധാനത്തിനും നീതിക്കുമായി മറ്റുള്ളവരോടൊപ്പം തീർത്ഥാടനം നടത്താനാണ് സഭ ആഗ്രഹിക്കുന്നതെന്നും ഇതാണ് സിനഡൽ മിഷനറി സഭ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും സമ്മേളനം വ്യക്തമാക്കി.