ബംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനി താനുണ്ടാകില്ലെന്ന നിര്‍ണായക പ്രഖ്യാപനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 2028 ല്‍ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അദേഹം, നിലവിലെ രാഷ്ട്രീയ രംഗം പൂര്‍ണമായും ദുഷിച്ച അവസ്ഥയിലാണെന്നും തുറന്നടിച്ചു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അരനൂറ്റാണ്ട് നീണ്ട പാര്‍ലമെന്ററി ജീവിതത്തിന്റെ വിരാമം കുറിക്കുന്ന തീരുമാനം അദേഹം പങ്കുവെച്ചത്. മുഖ്യമന്ത്രി സ്ഥാനം ഡി.കെ ശിവകുമാറിന് കൈമാറി ആഴ്ചകള്‍ക്കുള്ളിലാണ് അദേഹത്തിന്റെ ഈ പ്രഖ്യാപനം പുറത്ത് വന്നത്. തനിക്ക് ഇപ്പോള്‍ 79 വയസായെന്നും നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ 82 വയസാകുമെന്നും അദേഹം കുറിച്ചു.
വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മുന്‍പത്തെപ്പോലെ ആവേശത്തോടെയും ഊര്‍ജ്ജസ്വലതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. മത്സരരംഗത്ത് നിന്ന് മാറിയാലും ജനങ്ങളുടെ ആവലാതികള്‍ക്ക് ശബ്ദമായി രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും തുടര്‍ന്നും സജീവമായി നിലകൊള്ളുമെന്ന് അദേഹം ഉറപ്പ് നല്‍കി. ധാര്‍മ്മികത തകര്‍ന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി അദേഹം ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജനങ്ങള്‍ക്ക് പണം നല്‍കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും സത്യസന്ധതയ്ക്ക് ഇവിടെ സ്ഥാനമില്ലാതായെന്നും അദേഹം ഖേദത്തോടെ വ്യക്തമാക്കി. 1978 ല്‍ താലൂക്ക് ബോര്‍ഡ് അംഗമായി പൊതുരംഗത്തേക്ക് എത്തിയ സിദ്ധരാമയ്യയ്ക്ക് 2028 ല്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാകും. ഈ നീണ്ട യാത്രയില്‍ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയെങ്കിലും താന്‍ വിശ്വസിച്ച തത്വങ്ങളില്‍ ഉറച്ച് നില്‍ക്കാനും മനസാക്ഷിയെ വഞ്ചിക്കാതെ പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ വലിയ സംതൃപ്തിയുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് പതിറ്റാണ്ടോളം തനിക്ക് പിന്തുണയും സ്‌നേഹവും നല്‍കിയ കര്‍ണാടകത്തിലെ ജനങ്ങളോടുള്ള കടപ്പാട് മുന്‍നിര്‍ത്തി, ഭാവി ജീവിതവും പൊതുസേവനത്തിനായി ഉപയോഗിക്കുമെന്ന് അദേഹം വ്യക്തമാക്കി.