ആലുവയില്‍ നിന്നും കാണാതായ 12 കാരിയെ പുനെയില്‍ കണ്ടെത്തി; ഓച്ചിറ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

ആലുവയില്‍ നിന്നും കാണാതായ 12 കാരിയെ പുനെയില്‍ കണ്ടെത്തി; ഓച്ചിറ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

ആലുവ: ആലുവ കരുമാലൂരില്‍ നിന്ന് കാണാതായ 12 വയസുകാരിയെ പുനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് പോയ കുട്ടിയെയാണ് കാണാതായത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ മൊബൈല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. കാസര്‍കോട് കാണിച്ച അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടര്‍ന്നു. പ്രതിയുടെ സുഹൃത്തിന്റെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ അയപ്പിച്ച്, പ്രതിയെക്കൊണ്ട് സ്വന്തം ഫോണ്‍ ഓണ്‍ ചെയ്യിച്ചാണ് പൊലീസ് കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തിയത്. ധാരാവി പോലെയുള്ള ജനനിബിഡമായ പ്രദേശങ്ങളിലൂടെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത് എന്നതിനാല്‍ തിരച്ചില്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

മംഗള നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ ഇവര്‍ പുനെയിലേക്ക് സഞ്ചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസും ആര്‍പിഎഫും സംയുക്തമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. താനെയില്‍ നിന്നെത്തിയ പൊലീസ് സംഘം പുനെ സ്റ്റേഷനില്‍ നിലയുറപ്പിക്കുകയും വൈകുന്നേരം നാലോടെ ട്രെയിന്‍ എത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തുകയുമായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ പൊലീസ് മേധാവിയും നേരിട്ടാണ് ഇതര സംസ്ഥാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചത്.

കുട്ടിയുടെ കുടുംബാംഗങ്ങള്‍ നേരത്തെ പൊലീസിനെതിരെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം കുട്ടികളുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മാതാപിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കുടുംബങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.