ലണ്ടന്‍: ലാന്‍ഡിങിന് തയ്യാറെടുക്കുന്നതിനിടെ അജ്ഞാത വസ്തുവിനെ കണ്ടതായി പൈലറ്റിന്റെ വെളിപ്പെടുത്തല്‍. യുകെയിലെ ഗാറ്റ്വിക് വിമാനത്താവളത്തിന് സമീപമാണ് സംഭവം. എ 319 വിമാനത്തിന്റെ പൈലറ്റാണ് അസാധാരണ അനുഭവം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനം റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നു പറക്കുന്നതിനിടയിലാണ് വിമാനത്തിന്റെ വലത് ചിറകിന് തൊട്ടടുത്ത് കൂടി ഡിസ്‌ക് ആകൃതിയിലുള്ള ഒരു വസ്തു കടന്നു പോയത്. സസെക്സ് ഗ്രാമപ്രദേശത്തെ ഹാങ്ക്രോസിന് മുകളിലൂടെ, വിമാനത്താവളത്തിന് ഏകദേശം ഏഴ് മൈല്‍ അകലെ വെച്ചാണ് പൈലറ്റ് ഈ അസാധാരണ കാഴ്ച കണ്ടത്.
വിമാനം സഞ്ചരിക്കുന്ന അതേ ഉയരത്തില്‍, വെറും 100 മുതല്‍ 300 അടി വരെ മാത്രം ദൂരത്തിലൂടെയാണ് ഈ നിഗൂഢ വസ്തു വിമാനത്തിന് എതിര്‍ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്.ഇതിന് ഡിസ്‌കിന്റെ ആകൃതിയായിരുന്നുവെന്നും അറ്റങ്ങളില്‍ ഇരുണ്ട നിറത്തിലുള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൈലറ്റ് പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഉടന്‍ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
വളരെ അടുത്ത ദൂരത്തിലൂടെയാണ് ഈ വസ്തു കടന്നുപോയതെങ്കിലും വിമാനം അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. നേരത്തെ തന്നെ നിശ്ചയിച്ച പ്രകാരം വിമാനം ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചുകൊണ്ടിരുന്നതിനാല്‍ പൈലറ്റിന് അപകടം ഒഴിവാക്കാന്‍ പെട്ടെന്നുള്ള മറ്റ് സുരക്ഷാ നീക്കങ്ങള്‍ നടത്തേണ്ടി വന്നില്ല എന്ന് യുകെ എയര്‍പ്രോക്‌സ് ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യോമയാന രംഗത്തെ അപകടകരമായ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്ന സ്വതന്ത്ര സമിതിയായ യുകെ എയര്‍പ്രോക്‌സ് ബോര്‍ഡ് ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. പൈലറ്റ് നല്‍കിയ വസ്തുവിന്റെ വിവരണവും അത് സഞ്ചരിച്ച ഉയരവും പരിശോധിച്ചെങ്കിലും വസ്തു എന്തെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.