പത്തനംതിട്ട: സംസ്ഥാനത്ത് മഴ ദുരിതം വിതച്ച പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി പ്രദേശങ്ങളിലെ ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12 ന് അദേഹം ആറന്മുളയിലെത്തും. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് തുടര്‍ച്ചയായി ഉയരുന്നതും വെള്ളക്കെട്ട് ഒഴിയാത്തതും പ്രദേശവാസികളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തകരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ പ്രധാന കാരണം. മഴയോടൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതായി അധികൃതര്‍ വ്യക്തമാക്കുന്നു.
മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ അണക്കെട്ടുകളിലും ജലനിരപ്പ് പരമാവധി ശേഷിയില്‍ എത്തിനില്‍ക്കുകയാണ്. അതിനാല്‍ നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുവള്ളങ്ങളില്‍ പോലും യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.