പാലാ: പ്രകൃതി ദുരന്തത്തിന്റെ നടുക്കത്തിലും പ്രയാസങ്ങളിലും കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസവും ഒപ്പം വലിയൊരു മാനസിക പിന്തുണയുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ മണപ്പാട്ട് വീട്ടില്‍ റെജീന ജോണി (49), മകന്‍ ജോസഫൈന്‍ (27) എന്നിവരുടെ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യകാര്‍മികത്വം വഹിക്കാനാണ് ബിഷപ്പ് പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് എത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് വഴികളെല്ലാം വെള്ളത്തിനടിയിലാവുകയും യാത്രാ സൗകര്യങ്ങള്‍ പൂര്‍ണമായി നിലയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പ് യാത്രയ്ക്കായി ടോറസ് ലോറി തിരഞ്ഞെടുത്തത്. പാലായില്‍ നിന്ന് പൂഞ്ഞാറിലേക്കുള്ള യാത്രയില്‍ മൂന്നാനി ഭാഗത്ത് റോഡില്‍ വലിയ രീതിയില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ വിടപറഞ്ഞ ആത്മാക്കള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനും ദുരന്തത്തില്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്ക് നേരിട്ടെത്തി ആശ്വാസം പകരാനും മുന്‍ നിശ്ചയിച്ച സമയം തെറ്റാതെ എത്തിച്ചേരണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അദേഹം.
തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി പ്ലാത്തോട്ടം സജ്ജീകരിച്ച് നല്‍കിയ ടോറസ് ലോറിയില്‍ ഉച്ചയ്ക്ക് രണ്ടോടെ ബിഷപ്പ് ഹൗസില്‍ നിന്നും യാത്ര തിരിച്ച അദേഹം രണ്ടരയോടെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവിടെനിന്ന് കാര്‍ മാര്‍ഗം പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സ പള്ളിയിലെത്തി സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്ക് ശേഷം ഇതേ ലോറിയില്‍ തന്നെയാണ് അദേഹം പാലാ ബിഷപ്പ് ഹൗസിലേക്ക് മടങ്ങിയത്.
സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, തങ്ങളിലൊരാളായി എത്തി ആശ്വാസം പകര്‍ന്ന് അതേ ലോറിയില്‍ തന്നെ ബിഷപ്പ് മടങ്ങുമ്പോള്‍, പ്രകൃതിക്ഷോഭത്തിന്റെ നടുക്കത്തിലും പ്രയാസങ്ങളിലും കഴിയുന്ന കുടുംബങ്ങള്‍ക്ക് ആ സന്ദര്‍ശനം നല്‍കിയ ആശ്വാസത്തിന്റെ ആഴം ചെറുതായിരുന്നില്ല.