അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്തംഭനം

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്തംഭനം

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ ഒരേപോലെ പ്രതിഷേധമുയര്‍ത്തിയതോടെ തുടര്‍ച്ചയായ നാലാം ദിവസവും സഭാ നടപടികള്‍ പൂര്‍ണമായി തടസപ്പെട്ടു.

പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ച വേളയില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഭ്യന്തരമന്ത്രിക്കെതിരെ ഉന്നയിച്ച രൂക്ഷമായ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ആക്രമണം കടുപ്പിച്ചത്.

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേര്‍ക്കുണ്ടായ നടപടിയില്‍ ആഭ്യന്തര മന്ത്രാലയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളിലും ഹാജരാകാതിരുന്നത് പ്രതിപക്ഷ പ്രതിഷേധത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
സഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളി, പുറത്ത് തെരുവുനാടകം

'സഭയിലെത്തൂ, അമിത് ഷാ മറുപടി നല്‍കൂ' എന്ന ശക്തമായ മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. സഭയ്ക്കകത്തെ പ്രതിഷേധത്തിന് പുറമേ അയോധ്യയിലെ സംഭാവനക്കൊള്ളയില്‍ പ്രതിഷേധിച്ചുകൊണ്ട് പാര്‍ലമെന്റിന് പുറത്തെ പ്രവേശനകവാടമായ മകര്‍ദ്വാറില്‍ പ്രതിപക്ഷം തെരുവുനാടക രൂപത്തിലുള്ള സമരവും സംഘടിപ്പിച്ചു. പ്രിയങ്കാ ഗാന്ധി, ഡിംപിള്‍ യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ പ്രമുഖ വനിതാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഈ വേറിട്ട പ്രതിഷേധം. സഭയ്ക്കുള്ളില്‍ ആഭ്യന്തരമന്ത്രിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുകയും പുറത്ത് അഴിമതി ആരോപണങ്ങളില്‍ ജനശ്രദ്ധ നേടുകയും ചെയ്യുന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.