തൃശൂര്‍: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവന്ന നീണ്ട സമരം ഒത്തുതീര്‍പ്പിലായി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ മൂന്ന് മാസത്തിലേറെയായി തുടര്‍ന്നുവന്ന പ്രക്ഷോഭമാണ് തൊഴില്‍ വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് മാനേജ്മെന്റുമായി നടത്തിയ വിജയകരമായ ചര്‍ച്ചയില്‍ അവസാനിച്ചത്.
സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം 30 നകം മുഴുവന്‍ നഴ്സിങ് ജീവനക്കാരെയും ഘട്ടംഘട്ടമായി മുന്‍പ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തന്നെ തിരിച്ചെടുക്കാന്‍ ധാരണയായിട്ടുണ്ട്.
വേതന വര്‍ധനവ് അടക്കമുള്ള പ്രധാന ആവശ്യങ്ങളില്‍ ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്താമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കാന്‍ സംഘടന തയ്യാറായത്. തൊഴില്‍ വകുപ്പ് അധികൃതരും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സസ് യൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.