തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ ആക്രമിച്ച സംഭവത്തില്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും.
ഇതിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്ന എല്ലാ സിപിഎം നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയച്ചു.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ആക്രമണം നടന്ന സമയത്ത് സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം പിണറായി വിജയന്റെ വാടക വീടിന് മുന്നിലുണ്ടായിരുന്നു.
കേസില്‍ 26 പേരെയാണ് ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. 25 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പലര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നതിന് മുമ്പായി ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുന്നത്.
നേരത്തേ സൈബര്‍ വിദഗ്ദ്ധരെല്ലാം പ്രതികളുടെ ഫോണ്‍ പരിശോധിച്ചിരുന്നു. ചില ഗ്രൂപ്പുകളില്‍ സിഐടിയു പ്രവര്‍ത്തകരോട് ഉള്‍പ്പെടെ പിണറായി വിജയന്റെ വീടിന് മുന്നില്‍ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഡിയോ കണ്ടെത്തി.
എന്നാല്‍, അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇന്ന് ചില നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും.