തിരുവല്ല: നാടെങ്ങും പ്രളയജലത്തില്‍ മുങ്ങുമ്പോഴും സുരക്ഷിതത്വത്തിന്റെ ഭയരഹിതമായ തീരത്താണ് പത്തനംതിട്ട നിരണം കടപ്രയിലെ 36 കുടുംബങ്ങള്‍. 2018 ലെ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഈ കുടുംബങ്ങള്‍ക്കായി വടക്കേ അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ തണല്‍ സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയ വീടുകളാണ് ഇത്തവണയും പ്രകൃതി ദുരന്തത്തെ വിജയകരമായി ചെറുത്തുതോല്‍പ്പിച്ചത്.
മിക്കയിടങ്ങളിലും വെള്ളം ഉയര്‍ന്നപ്പോഴും ഫോമ വില്ലേജിലെ ഒരു വീട്ടില്‍ പോലും പ്രളയ ജലം കയറിയില്ല. പ്രളയത്തെ പ്രതിരോധിക്കാന്‍ മണ്ണടിച്ച് തറ ഉയര്‍ത്തി വീടുകള്‍ നിര്‍മിക്കുന്ന പതിവ് രീതിയില്‍ നിന്ന് വേറിട്ട് ചിന്തിച്ചതാണ് ഫോമയുടെ നിര്‍മാണ മാതൃകയെ വിജയകരമാക്കിയത്. മണ്ണടിക്കുന്നതിന് ഒരു പരിധിയുള്ളതിനാല്‍ തറയേക്കാള്‍ ഉയരത്തില്‍ വെള്ളമെത്തുമ്പോള്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഈ തിരിച്ചറിവില്‍ നിന്ന്, എട്ടടിയോളം ഉയരമുള്ള ഉറപ്പുള്ള പില്ലറുകള്‍ക്ക് മേലാണ് ഫോമ എല്ലാ വീടുകളും നിര്‍മിച്ചുയര്‍ത്തിയത്.
ഈ പ്രത്യേക ഡിസൈനാണ് സമീപ പ്രദേശങ്ങളിലെ വീടുകളിലൊക്കെ പ്രളയജലം പാഞ്ഞുകയറിയപ്പോഴും ഈ 36 വീടുകളെയും പൂര്‍ണമായും സുരക്ഷിതമാക്കിയത്. ഏഴു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഓരോ വീടിനും 5.5 ലക്ഷം രൂപ വീതം ഫോമയാണ് സംഭാവന നല്‍കിയത്. അമേരിക്കന്‍ മലയാളികളുടെയും വിവിധ ഘടക സംഘടനകളുടെയും കൂട്ടായ പരിശ്രമത്തോടൊപ്പം പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണയും പദ്ധതിക്ക് ലഭിച്ചിരുന്നു.
താല്‍കാലിക കുടിലുകളില്‍ കഴിഞ്ഞിരുന്ന നിര്‍ധന കുടുംബങ്ങള്‍ക്കാണ് 2019 ജൂണില്‍ നടന്ന ഫോമ കേരള കണ്‍വന്‍ഷനോട് അനുബന്ധിച്ച് ഈ വീടുകള്‍ കൈമാറിയത്. വീടുകള്‍ നിര്‍മിച്ച് നല്‍കിയ പ്രദേശം വീണ്ടും പ്രളയ ഭീതിയിലായപ്പോള്‍ ഫോമ ഭാരവാഹികളെ തേടി നിരവധി ഫോണ്‍ കോളുകളാണ് നാട്ടില്‍ നിന്നെത്തിയത്. തങ്ങള്‍ സുരക്ഷിതരാണെന്നും വീടിനുള്ളില്‍ വെള്ളം കയറിയിട്ടില്ലെന്നുമുള്ള സന്ദേശം നാടൊട്ടുക്കുമുള്ള ആളുകളില്‍ നിന്ന് കേട്ടപ്പോള്‍ വലിയ സന്തോഷവും ചാരിതാര്‍ഥ്യവുമാണ് തോന്നിയതെന്ന് ഫോമ പ്രതിനിധികള്‍ വ്യക്തമാക്കി.
സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണിയുള്ള തീരദേശ-കടപ്ര മേഖലകളില്‍ പ്രളയപ്രതിരോധ നിര്‍മാണ മാതൃകകള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ഫോമ വില്ലേജ്.