ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണതരംഗത്തെയും മിന്നലിനെയും ഔദ്യോഗികമായി ദേശീയ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. നിലവില്‍ പ്രാദേശിക തലത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വിതക്കുന്ന ഈ രണ്ട് കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്കും ഇനി മുതല്‍ 2005 ലെ കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരമുള്ള സാമ്പത്തിക സഹായധനം ലഭ്യമാകും.
കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ഉഷ്ണതരംഗത്തെയും മിന്നലിനെയും പ്രകൃതി ദുരന്തങ്ങളുടെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ 16-ാം ധനകാര്യ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പട്ടിക പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
2026 മുതല്‍ 2031 വരെയുള്ള കാലയളവിലെ ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ (SDRF / NDRF) പ്രവര്‍ത്തന ചട്ടക്കൂട് അനുസരിച്ചാകും ഇതിനുള്ള ധനസഹായം അനുവദിക്കുക. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഈ പുതിയ നയപരമായ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. ദുരിതബാധിതര്‍ക്കുള്ള അടിയന്തര സഹായത്തിന് പുറമേ ഉഷ്ണതരംഗം പ്രതിരോധിക്കുന്നതിനും ഇതിന്റെ തീവ്രത കുറയ്ക്കുന്നതിനുമായി സംസ്ഥാനങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതികള്‍ക്കും കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും മന്ത്രാലയം ഉറപ്പ് നല്‍കുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ ജൂലൈ 26 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം 5000 സൂര്യഘാത സംഭവങ്ങളും 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതത് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക ദുരന്തങ്ങളായി പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ തുകയുടെ പരമാവധി 10 ശതമാനം മാത്രമേ ഇതിനായി വിനിയോഗിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഈ പുതിയ വിജ്ഞാപനത്തോടെ സംസ്ഥാനങ്ങള്‍ക്ക് ദുരന്തപ്രതികരണ നിധിയും ദുരന്തനിവാരണ നിധിയും പൂര്‍ണതോതില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും.
കൂടാതെ സംസ്ഥാനങ്ങളിലെ ഫണ്ട് അപര്യാപ്തമായി വരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തപ്രതികരണ നിധിയില്‍ (NDRF) നിന്നും അധിക സഹായം ലഭ്യമാവുകയും ചെയ്യും. പ്രളയം, ഭൂകമ്പം, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയ 12 ദുരന്തങ്ങള്‍ അടങ്ങിയിരുന്ന മുന്‍പത്തെ പട്ടികയിലേക്ക് ഉഷ്ണതരംഗവും മിന്നലും കൂടി ചേരുന്നതോടെ രാജ്യത്തെ അംഗീകൃത പ്രകൃതി ദുരന്തങ്ങളുടെ എണ്ണം 14 ആയി ഉയര്‍ന്നു.