സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷം; കുട്ടികളുടെ ഭാവി തകരുന്നതായി യുഎൻ മുന്നറിയിപ്പ്

സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷം; കുട്ടികളുടെ ഭാവി തകരുന്നതായി യുഎൻ മുന്നറിയിപ്പ്

ഖാർത്തൂം: സുഡാനിൽ മൂന്ന് വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധം ഒരു തലമുറയുടെ ഭാവിയെ തന്നെ തകർക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സംഘർഷത്തെ തുടർന്ന് രാജ്യത്ത് 80 ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

യുദ്ധം രൂക്ഷമായതോടെ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും തകർന്ന നിലയിലോ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നിലയിലോ ആണ്. ഇതോടെ കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം പൂർണമായും ഇല്ലാതായിരിക്കുകയാണ്.

കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം പല മാതാപിതാക്കളും അവരെ സ്കൂളുകളിലേക്ക് അയക്കാൻ ഭയപ്പെടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഉപമേധാവി അമിന മുഹമ്മദ് പറഞ്ഞു. ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലും നിരവധി അധ്യാപകർ കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക തകർച്ചയും തുടരുന്ന സംഘർഷവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.

യുദ്ധത്തിന്റെ ഏറ്റവും വലിയ ദുരിതം നേരിടുന്നത് നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തെ തുടർന്ന് ഇതുവരെ ഒന്നരക്കോടിയോളം പേർക്ക് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. വലിയൊരു ജനവിഭാഗം ഇപ്പോഴും അടിയന്തര മാനുഷിക സഹായത്തിനായി കാത്തിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.