റൊണാള്‍ഡോയുടെ വ്യാജ വിവാഹം! പള്ളിയില്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍; ഒടുവില്‍ മറ്റൊരു കല്ല്യാണം കണ്ട് മടങ്ങി

റൊണാള്‍ഡോയുടെ വ്യാജ വിവാഹം! പള്ളിയില്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍; ഒടുവില്‍ മറ്റൊരു കല്ല്യാണം കണ്ട് മടങ്ങി

ലിസ്ബന്‍: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗസും വിവാഹിതരാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പോര്‍ച്ചുഗല്‍. ശനിയാഴ്ച വിവാഹം നടക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ റൊണാള്‍ഡോയുടെ ജന്മനാടായ മദീറയിലെ ഫഞ്ചാല്‍ കത്തീഡ്രലിലേക്ക് പതിനായിരക്കണക്കിന് ആരാധകരും മാധ്യമപ്രവര്‍ത്തകരുമാണ് ഒഴുകിയെത്തിയത്. എന്നാല്‍ കുടുംബം വാര്‍ത്ത തള്ളിക്കളഞ്ഞിട്ടും ജനക്കൂട്ടം പള്ളിയങ്കണത്തില്‍ തടിച്ചുകൂടുകയായിരുന്നു.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പള്ളിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയ വീഡിയോ കണ്ട് റൊണാള്‍ഡോയ്ക്കും ചിരി അടക്കാനായില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജി പങ്കുവെച്ചാണ് താരം പ്രതികരിച്ചത്. അതിനിടെ സഹോദരന്‍ വെളിപ്പെടുത്താത്ത ഒരു കാര്യം ആളുകള്‍ എങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് ചോദിച്ച് റൊണാള്‍ഡോയുടെ സഹോദരി എല്‍മ അവെയ്‌റോയും മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്കെതിരെ രംഗത്തെത്തി. തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ ക്യാമറകളും ഫോണുകളുമായി ആളുകള്‍ കാത്തുനിന്നെങ്കിലും പള്ളിയിലേക്ക് വന്നിറങ്ങിയത് ഫാബിയോ, നികോള്‍ ദമ്പതികളായിരുന്നു.

യഥാര്‍ത്ഥത്തില്‍ അന്നേ ദിവസം അതേ പള്ളിയില്‍ വിവാഹിതരാകാന്‍ എത്തിയ നികോളിനും ഫാബിയോയ്ക്കും ജനത്തിരക്ക് കാരണം വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. തെരുവില്‍ വന്‍ ജനക്കൂട്ടവും മാധ്യമപ്പടയും തടിച്ചുകൂടിയതിനാല്‍ വലിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പള്ളി അടച്ച് ചടങ്ങുകള്‍ നടത്താന്‍ സാധിച്ചതായി കത്തീഡ്രല്‍ അധികൃതര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. സമീപകാല ചരിത്രത്തിലൊന്നും പള്ളിയുടെ പരിസരത്ത് ഇത്രയും ആളുകളെ കണ്ടിട്ടില്ലെന്നും വധുവിന് അകത്തേക്ക് പ്രവേശിക്കാന്‍ പോലും ഏറെ പാടുപെടേണ്ടി വന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അപ്രതീക്ഷിതമായി ലഭിച്ച ഈ വന്‍ ജനശ്രദ്ധ നികോള്‍-ഫാബിയോ ദമ്പതികളെയും അതിഥികളെയും ഒരേസമയം അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. തങ്ങള്‍ വലിയ സെലിബ്രിറ്റികളായ കാര്യം ഇപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ചടങ്ങിനെത്തിയ ചില അതിഥികളുടെ തമാശ രൂപേണയുള്ള പ്രതികരണം. സുരക്ഷാ സജ്ജീകരണങ്ങള്‍ ഒന്നുമില്ലാതെ റൊണാള്‍ഡോ ഇവിടെ വന്ന് വിവാഹം കഴിക്കുമെന്ന് ആളുകള്‍ വിശ്വസിച്ചതിലെ കൗതുകവും ചിലര്‍ പങ്കുവെച്ചു.

വലിയൊരു ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി വിവാഹം കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നവദമ്പതികള്‍. റൊണാള്‍ഡോയും ജോര്‍ജീനയും വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാതിരുന്നപ്പോള്‍, ഇല്ലാത്ത വിവാഹം കാണാനെത്തിയ ആരാധകര്‍ ഒടുവില്‍ നികോളിന്റെയും ഫാബിയോയുടെയും വിവാഹം കണ്ട് മടങ്ങുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.