ന്യൂഡല്‍ഹി: രാജ്യത്ത് യു.പി.ഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് തികച്ചും സൗജന്യമായിത്തന്നെ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഉപയോക്താക്കളില്‍ നിന്ന് യാതൊരുവിധ സേവന നിരക്കുകളോ അധിക ചാര്‍ജുകളോ ഈടാക്കില്ലെന്നും രാജ്യത്തെ ഓരോ പൗരനും തല്‍ക്ഷണ ഡിജിറ്റല്‍ ഇടപാടുകള്‍ സൗജന്യമായി നടത്താമെന്നും മന്ത്രി ഉറപ്പ് നല്‍കി. പാര്‍ലമെന്റില്‍ നികുതിയും മറ്റ് നിയമങ്ങളും ഭേദഗതി ചെയ്യുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കവേയാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സാധാരണക്കാരുടെയും ചെറുകിട റോഡരികിലെ കച്ചവടക്കാരുടെയും കുറഞ്ഞ തുകയുള്ള ഇടപാടുകള്‍ അടക്കം ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളും നിലവിലുള്ളതുപോലെ സൗജന്യമായിത്തന്നെ തുടരും. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ചട്ടക്കൂട് നിലവില്‍ അന്തിമമാക്കിയിട്ടില്ല. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചാല്‍ത്തന്നെ അത് നിശ്ചിത പരിധിക്ക് മുകളിലുള്ള ചില പ്രത്യേക വ്യാപാരി വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകമാവുക. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സ്റ്റിയറിങ് കമ്മിറ്റിയാണ് എം.ഡി.ആറുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
യു.പി.ഐ സംവിധാനത്തിന്റെ തുടക്കകാലത്ത് അതിനെ പരിഹസിക്കുകയും രാജ്യത്തിന്റെ സാങ്കേതിക ശേഷിയെ ചോദ്യം ചെയ്യുകയും ചെയ്ത മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും പ്രതിപക്ഷത്തെയും ധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വിമര്‍ശനങ്ങളെ അതിജീവിച്ച് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിയല്‍ ടൈം പേയ്‌മെന്റ് സംവിധാനമായി യു.പി.ഐ മാറിയിരിക്കുകയാണ്. നിലവില്‍ 11 ഓളം വിദേശ രാജ്യങ്ങളില്‍ യു.പി.ഐ സേവനങ്ങള്‍ ലഭ്യമാണെന്നും ധനമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി.