വെല്ലിങ്ടൺ:
ന്യൂസീലൻഡിൽ നടന്ന പത്താമത് നാഷണൽ ബൈബിൾ ക്വിസിൽ വെല്ലിംഗ്ടൺ ചാമ്പ്യൻ സ്ഥാനം നിലനിർത്തി. ക്രൈസ്റ്റ് ചർച്ചിലെ സെന്റ് തോമസ് സീറോമലബാർ മിഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഓക്ക്‌ലാൻഡ് രണ്ടാമതും പാൽമേർസ്റ്റൺ നോർത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ന്യൂസീലൻഡിലെ വിവിധ ഭാഗങ്ങളിലുള്ള പന്ത്രണ്ട് സീറോ മലബാർ മിഷനുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. റെജി ചാക്കോ ആനിത്തോട്ടമാണ് ക്വിസ് മത്സരങ്ങൾ നയിച്ചത്. എഴുത്ത് പരീക്ഷയും ആവേശകരമായ 13 വിവിധ റൗണ്ടുകളും ഉൾപ്പെടുത്തിയായിരുന്നു മത്സരം നടത്തിയത്. ഏവരിലും ബൈബിൾ ആഴത്തിൽ പഠിക്കുവാനുള്ള വലിയ പ്രചോദനമായി ഈ ക്വിസ് മത്സരം മാറിക്കൊണ്ടിരിക്കുകയാണ്.
സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് വി.ജെ. സി.എസ്.എസ്.ആർ, സെന്റ് തോമസ് സീറോമലബാർ മിഷൻ ചാപ്ലിൻ ഫാ. പ്രവീൺ അരഞ്ഞാണിയോളിക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് തോമസ്, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. അടുത്ത വർഷത്തെ നാഷണൽ ബൈബിൾ ക്വിസ് ന്യൂ പ്ലിമൗത്തിൽ വെച്ച് നടക്കുമെന്ന് സംഘാത്തകർ അറിയിച്ചു.