ലണ്ടന്‍: യു.കെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലെസ്‌ലി കെ. ജോണിന് (39) യു.കെയിലെ മലയാളി സമൂഹം ശനിയാഴ്ച യാത്രാമൊഴിയേകും. ഓഗസ്റ്റ് മൂന്നിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ലെസ്‌ലി അന്തരിച്ചത്. ഓഗസ്റ്റ് 15 ശനിയാഴ്ച ഹേമല്‍ ഹെംപ്സ്റ്റെഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് പൊതുദര്‍ശനവും ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 11:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ നടക്കുന്ന പൊതുദര്‍ശനത്തിലും സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ക്രമത്തിലും യു.കെയിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടവകാംഗങ്ങള്‍ക്കും പങ്കെടുത്ത് പ്രാര്‍ഥനകളോടെ യാത്രയാക്കാം.
വെംബ്ലിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ലെസ്‌ലി, കെല്ലി കമ്യൂണിക്കേഷന്‍സിലെ പ്രൊക്യുര്‍മെന്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ അദേഹത്തിന് അടിയന്തര വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ കോശി-ഹില്‍ഡാ കോശി ദമ്പതികളുടെ മകനാണ്. 39-ാം വയസിലെ അപ്രതീക്ഷിത വിയോഗം ഭാര്യ സുനിഷയ്ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തീരാവേദനയായി മാറിയിരിക്കുകയാണ്.
യുകെയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഭൗതിക ശരീരം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. കുടുംബത്തിന്റെ ഇടവകയായ പത്തനംതിട്ട ചന്ദനപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്‌കാരത്തിന്റെ തിയതിയും സമയവും പിന്നീട് അറിയിക്കും.