തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആഡംബരവും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എക്‌സിക്യൂട്ടീവ് ക്ലാസ് സര്‍വീസ് റോഡിലിറങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ വന്ദേഭാരത് എക്‌സ്പ്രസിന് സമാനമായ അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ പ്രീമിയം ബസ് ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ആലപ്പുഴ-ബംഗളൂരു റൂട്ടിലാണ് ആദ്യ ഘട്ടത്തില്‍ ബസ് ഓടിക്കുന്നത്. ആലപ്പുഴയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി ബസിനുള്ളില്‍ കഫെറ്റീരിയ, പാന്ട്രി, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചായയും ലഘുഭക്ഷണങ്ങളും യാത്രയിലുടനീളം ലഭ്യമാകും. എയര്‍ സസ്‌പെന്‍ഷന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബസില്‍ ഒരു നിരയില്‍ രണ്ട് സീറ്റുകള്‍ വീതമുള്ള സെമി സ്ലീപ്പര്‍ സീറ്റുകളാണ് ഉള്ളത്. യാത്രക്കാര്‍ക്ക് വിനോദത്തിനായി ഓരോ സീറ്റിനും പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ വ്യക്തിഗത മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, ലഗേജ് റാക്കുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
ആദ്യ ഘട്ടത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5:30 ന് പുറപ്പെടുന്ന ബസ് വൈറ്റില, മണ്ണുത്തി ബൈപ്പാസ്, ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേന്ന് രാവിലെ 5:55 ന് ബംഗളൂരുവില്‍ എത്തും. തിരികെ ബംഗളൂരുവില്‍ നിന്ന് രാത്രി 8:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:00 ന് ആലപ്പുഴയില്‍ സര്‍വീസ് അവസാനിപ്പിക്കും.
സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിലവില്‍ സജീവമാണ്. യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 9447071021 എന്ന വാട്‌സാപ്പ് നമ്പറിലൂടെയോ ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി പണമടച്ചു കഴിഞ്ഞാല്‍ ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും ഉടന്‍ തന്നെ വാട്‌സാപ്പില്‍ ലഭിക്കും.