തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്നംഗ പാനലില്‍ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ ചുമതലയും മേല്‍നോട്ടവും ഇനി ഡോ. ഡി. സജിത് ബാബുവിനായിരിക്കും.
ഭരണ രംഗത്ത് ഏറെ പരിചയസമ്പത്തുള്ള ഡോ. സജിത് ബാബു മുന്‍പ് കാസര്‍കോട് ജില്ലാ കളക്ടറായി മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, സപ്ലൈകോ കമ്മീഷണര്‍ തുടങ്ങിയ പ്രധാനപ്പെട്ട പദവികളും അദേഹം വഹിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക പുതുക്കല്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് അദേഹം ഉടന്‍ കടക്കും.