കട്ടപ്പന: കാമുകനുമായി ഫോണില്‍ സല്ലപിക്കുന്നത് വിലക്കിയതിന് മകള്‍ നല്‍കിയ വ്യാജ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ഒന്നേമുക്കാല്‍ വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി ജയില്‍ മോചനം നല്‍കുകയും ചെയ്ത ഒരു പിതാവിന്റെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണമാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്.
'പൊന്നുപോലെ വളര്‍ത്തിയ മോളാണ്. പരാതിയില്ല, അവള്‍ നല്ലപോലെ ജീവിച്ചു കണ്ടാല്‍ മതി' എന്നാണ് കണ്ഠമിടറിക്കൊണ്ടുള്ള ആ പിതാവിന്റെ പ്രതികരണം. ഇനിയൊരച്ഛനും ഇത്തരമൊരവസ്ഥ നേരിടേണ്ടി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രണയ ബന്ധത്തെ എതിര്‍ത്തതിന് 'സമ്മാനമായി' മകള്‍ നല്‍കിയ വ്യാജ പോക്‌സോ കേസില്‍ ജയിയിലായ കട്ടപ്പന മേരികുളം സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരനെ കഴിഞ്ഞ മാസം 24 നാണ് കോടതി വെറുതേ വിട്ടത്. അതിനിടെ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക വ്യഥയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
'അച്ഛനോടായിരുന്നു അവള്‍ക്ക് ഏറെ ഇഷ്ടം, തിരിച്ചും അങ്ങനെ തന്നെ, എന്നിട്ടും.... മകള്‍ക്ക് അപായമൊന്നും സംഭവിക്കാതിരിക്കാനാണ് ശകാരിച്ചത്. അത് ഇത്രവലിയ പ്രശ്‌നമുണ്ടാക്കുമെന്ന് കരുതിയില്ല. ചെറുപ്പം മുതല്‍ ഹോസ്റ്റലില്‍ നിന്നാണ് അവള്‍ പഠിച്ചത്. അവധിക്ക് ഏതാനും ദിവസം മാത്രമാണ് വീട്ടിലുണ്ടാകുന്നത്. അപ്പോഴൊക്കെ വീട്ടില്‍ എല്ലാവരും ഉണ്ടാകും. പിന്നെങ്ങനെ അവളുടെ ഈ പരാതി വിശ്വസിക്കും'- പെണ്‍കുട്ടിയുടെ അമ്മ ചോദിച്ചു.
മകളുടെ പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയ്തതും ജയിലില്‍ അടച്ചതും ഇളയ മകനെയും ബാധിച്ചു. നന്നായി പഠിച്ചുകൊണ്ടിരുന്ന ഇളയ മകന്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. പത്താം ക്ലാസിലെ പരീക്ഷ എഴുതി നല്ല വിജയം കരസ്ഥമാക്കിയെങ്കിലും പ്ലസ് വണ്ണില്‍ ചേര്‍ന്നില്ല. കാരണം പലരുടെയും പരിഹാസം തന്നെയാണ്. അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു ആ കുട്ടിയും.
കാമുകനുമായുള്ള ബന്ധവും നിരന്തരമുള്ള ഫോണ്‍ വിളികളും പിതാവ് ചോദ്യം ചെയ്തതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പിതാവില്‍ നിന്നും പീഡനത്തിന് ഇരയായി എന്നുകാട്ടി പരാതി നല്‍കുകയായിരുന്നു. കാമുകന്റെ അങ്കണവാടി ജീവനക്കാരിയായ മാതാവ് വഴി ചൈല്‍ഡ് ലൈനിലാണ് പരാതി നല്‍കിയത്.
ചൈല്‍ഡ് ലൈന്‍ ഉപ്പുതറ പൊലീസില്‍ അറിയിച്ചതോടെ അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കി. കോടതിയിലും പെണ്‍കുട്ടി പിതാവിനെതിരെ നിലപാടെടുത്തു. ഇതോടെ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ട് റിമാന്‍ഡില്‍ തുടരുകയായിരുന്നു.
കാമുകനുമായുള്ള ബന്ധത്തെ പിതാവ് എതിര്‍ത്തതും വഴക്കുപറഞ്ഞതുമാണ് പരാതിക്കു കാരണമെന്ന വാദം അംഗീകരിച്ചാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ജി.ആര്‍. ബില്‍കുല്‍ വെറുതേ വിട്ടത്. പിതാവ് ജയില്‍ കഴിയവേ പെണ്‍കുട്ടിയെ കാണാന്‍ കാമുകന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് 18 വയസ് പൂര്‍ത്തിയായതോടെ പെണ്‍കുട്ടി കാമുകനൊപ്പം പോവുകയും ചെയ്തു.