റാഞ്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ നടത്തിപ്പിലെ വ്യാപക ക്രമക്കേടുകളിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് അരങ്ങേറിയ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഒടുവില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ജെ.എസ്.എസ്.സി-സി.ജി.എല്‍ പരീക്ഷ റദ്ദാക്കി. പരീക്ഷ റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്, 2014 മുതല്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ മത്സര പരീക്ഷകളെക്കുറിച്ചും സി.ഐ.ഡി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷാ അട്ടിമറികളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെയും ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ജോലികളിലെ നിയമന സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തര്‍ മോഡല്‍ ശൈലിയിലാണ് വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് സമരം ശക്തമാക്കിയത്. ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നിവ നടത്തിയ 13 നിയമന പരീക്ഷകളില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് അവയെല്ലാം റദ്ദാക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌ന പരിഹാരത്തിന് പൂര്‍ണ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരം ശക്തമായതിനിടെ വിഷയം ഏറ്റെടുത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമായി. ഓഗസ്റ്റ് 14 ന് ഹേമന്ത് സോറന് അയച്ച കത്തില്‍, വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്ന അവരുമായി കൂടിക്കാഴ്ച നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.