കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍; ജെന്‍സി പ്രക്ഷോഭത്തില്‍ തകര്‍ന്ന സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കാന്‍ യുവാക്കള്‍ക്ക് മുന്‍ഗണന

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍; ജെന്‍സി പ്രക്ഷോഭത്തില്‍ തകര്‍ന്ന സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കാന്‍ യുവാക്കള്‍ക്ക് മുന്‍ഗണന

അടുത്തിടെ എഎപി വിട്ട് ബിജെപിയിലെത്തിയ യുവ എംപി രാഘവ് ഛദ്ദയും ബിജെപിയിലെ യുവമുഖമായ തേജസ്വി സൂര്യയും അടക്കമുള്ളവര്‍ മന്ത്രിമാരാകുമെന്നാണ് വിവരം.

ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ അഴിച്ചുപണിക്ക് പിന്നാലെ കേന്ദ്രമന്ത്രി സഭയിലും പുനസംഘടനയ്ക്കൊരുങ്ങി ബിജെപി. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന.

യുവാക്കള്‍ക്ക് പുന സംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടും. ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് നേരിട്ട പ്രതിഛായ നഷ്ടം നികത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ എഎപി വിട്ട് ബിജെപിയിലെത്തിയ യുവ എംപി രാഘവ് ഛദ്ദയും ബിജെപിയിലെ യുവമുഖമായ തേജസ്വി സൂര്യയും അടക്കമുള്ളവര്‍ മന്ത്രിമാരാകുമെന്നാണ് വിവരം.

ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മന്ത്രിസഭയില്‍ പ്രാധാന്യം നല്‍കും. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും.

പാര്‍ട്ടി പുനസംഘടനയില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് നിയോഗിച്ചതോടെ വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. ഒരാള്‍ക്ക് ഒരു പദവി എന്ന നയമാണ് ബിജെപി തുടരുന്നത്.

ആറ് കാബിനറ്റ് മന്ത്രിമാര്‍ നിലവില്‍ രണ്ടോ മൂന്നോ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭാംഗമായ നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലെത്തും. മനോജ് സിന്‍ഹ, ശ്രീകാന്ത് ഷിന്‍ഡെ, സുരേഷ് കാശ്യപ്, അനുരാഗ് താക്കൂര്‍, അരുണ്‍ ഗോവില്‍, സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ബല്യാന്‍, കകോലി ഘോഷ്, സുദീപ് ബന്ദോപാധ്യായ, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവരെ മന്ത്രിമാരായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജ് കുര്യന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ആര്‍ക്കെങ്കിലും നറുക്ക് വീഴുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനേവാള്‍ വിഴിഞ്ഞം കയറ്റുമതി ഇറക്കുമതി എക്സിം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ അവസാന നിമിഷം കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയത് മന്ത്രിസഭാ പുനസംഘടനയുടെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.