രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും 2004 ല്‍ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള കാരണങ്ങളും സോണിയ പുസ്തകത്തില്‍ വിവരിക്കുന്നു.
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' നവംബര്‍ പത്തിന് പുറത്തിറങ്ങും. ഇറ്റലിയിലെ കുട്ടിക്കാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയം, മുതല്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തീരുമാനം വരെ എല്ലാം വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ആല്‍ഫ്രഡ് എ നോഫ് എന്ന പ്രസാദകരാണ് പുറത്തിറക്കുന്നത്.
ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും സ്നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കപ്പെട്ട ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിര്‍വചിക്കാനായിരുന്നു തന്റെ ശ്രമമെന്നും സോണിയ പറയുന്നു. നെഹ്‌റു കുടുംബത്തെ കുറിച്ച് ഇതിനകം നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും സോണിയ പറഞ്ഞു.

1965 ല്‍ കേംബ്രിജില്‍ സര്‍വകലാശാലയില്‍ വെച്ച് പത്തൊമ്പതാം വയസില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും രാജീവിന്റെ പൈലറ്റ് കാലവും 1980 ല്‍ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തില്‍ സൃഷ്ടിച്ച ആഘാതവും 1984 ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗ രക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്രട്രീയത്തിലെത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.
ഇന്ത്യയിലെത്തിയശേഷം സാരി ശീലമാക്കിയതും ഹിന്ദി ഭാഷ പഠിച്ചതും ഇന്ത്യന്‍ ഭക്ഷണ രീതികള്‍ സ്വായത്തമാക്കിയതുമെല്ലാം സോണിയ പങ്കുവെക്കുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അവര്‍ തുറന്നു പറയുന്നു.
ഹൃദയ വേദനയും വലിയ നഷ്ടങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും അതുവരെ തന്റെ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സോണിയ പറയുന്നു. 2004 ല്‍ പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും അവര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.