തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകി സര്‍ക്കാരിന്റെ വന്‍ ആനുകൂല്യ പ്രഖ്യാപനം. ഉത്സവ ബത്തയും സാലറി അഡ്വാന്‍സും വിതരണം ചെയ്യുന്നതിനായി 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോണ്‍ തിരുവനന്തപുരത്ത് അറിയിച്ചു. വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും മുന്‍നിര്‍ത്തിയാണ് മന്ത്രിസഭ ഈ തുക അനുവദിക്കാന്‍ തീരുമാനിച്ചത്.
ഇത്തവണത്തെ ആനുകൂല്യങ്ങളില്‍ സ്ഥിരം ജീവനക്കാര്‍ക്ക് 10000 രൂപ സാലറി അഡ്വാന്‍സും 3000 രൂപ ഉത്സവബത്തയും ലഭിക്കും. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും നല്‍കുന്നുണ്ട്. താല്‍കാലിക ജീവനക്കാര്‍ക്ക് 1000 രൂപ ഉത്സവ ബത്തയായി ലഭ്യമാകും. സ്ഥിരം ജീവനക്കാരുടെ ഓണം അഡ്വാന്‍സ് ഇനത്തില്‍ 21.5 കോടി രൂപയാണ് മന്ത്രിസഭാ തീരുമാന പ്രകാരം വിതരണം ചെയ്യുന്നത്. 2023 ന് ശേഷം ആദ്യമായാണ് സാലറി അഡ്വാന്‍സ് വീണ്ടും അനുവദിക്കുന്നത്.
പെന്‍ഷന്‍കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനങ്ങളാണ് ഇത്തവണ ഉണ്ടായത്. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം 2019 ന് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ഓണം അലവന്‍സായി അനുവദിച്ചു. ഇതിനായി 5.32 കോടി രൂപയുടെ പ്രത്യേക ധനസഹായം സര്‍ക്കാര്‍ കോര്‍പ്പറേഷന് കൈമാറി. പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ അന്തിമ തീരുമാനം നീളുന്നതിനിടയില്‍ ഓണക്കാലത്ത് ലഭിക്കുന്ന ഈ തുക വിരമിച്ച ജീവനക്കാര്‍ക്ക് വലിയൊരു ആശ്വാസമാകും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിട്ട കൊച്ചു കൊച്ചു പ്രതിസന്ധികളെ മറികടന്ന് സ്ഥാപനം കൂടുതല്‍ ജനകീയമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഈ ആനുകൂല്യ പ്രഖ്യാപനം. മുന്‍ വര്‍ഷങ്ങളില്‍ ഉത്സവകാലത്ത് കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങളില്‍ വലിയ ആഹ്ലാദമാണ് സര്‍ക്കാരിന്റെ ഈ തീരുമാനം ഉണ്ടാക്കിയിട്ടുള്ളത്.