തൃശൂർ: തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം. വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. അഡ്വ. ആർ. രാഹുലാണ് പുതിയ ട്രഷറർ. ഡിവൈഎഫ്ഐ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ, പി. ഷബീർ, നിഖിൽ ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ. അനുശ്രീ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ആകെ 92 അംഗ കമ്മറ്റിയെയും 25 അംഗ സെക്രട്ടറിയേറ്റിനെയും സമ്മേളനം രൂപീകരിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായും വൈസ് ചെയർപേഴ്‌സണായും ചിന്ത നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നത്തിനിടെയാണ് ചിന്ത സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കൂടാതെ 2016 മുതൽ 2023 വരെ യുവജന കമ്മീഷൻ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.