ഗുവാഹത്തി: അസമിന്റെ തനത് നാടന്‍ പശുവിനമായ ലഖിമി ഇനത്തില്‍പ്പെട്ട ലോകത്തിലെ ആദ്യത്തെ ഐവിഎഫ് പെണ്‍ പശുക്കിടാവ് ജനിച്ചു. അസം വെറ്ററിനറി ആന്‍ഡ് ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ അത്യാധുനിക ലാബില്‍ നടന്ന ഈ ചരിത്രപരമായ മുന്നേറ്റം സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയ ഗോകുല്‍ മിഷന്റെ സാമ്പത്തിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ലാബില്‍ പൂര്‍ണമായും ശുദ്ധമായ ലഖിമി ഇനത്തില്‍പ്പെട്ട ഭ്രൂണം ഉപയോഗിച്ചാണ് ഈ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പ്രക്രിയ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്തെ ബയോടെക്‌നോളജി രംഗത്തെ ഏറ്റവും വലിയ നാഴികക്കല്ലാണിതെന്ന് വിശേഷിപ്പിച്ച അസം മുഖ്യമന്ത്രി, നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വെറ്ററിനറി ശാസ്ത്രജ്ഞരെയും വിദഗ്ധരെയും അഭിനന്ദിച്ചു. ദേശീയ ഗോകുല്‍ മിഷന്റെ ഫണ്ട് കൃത്യമായി വിനിയോഗിച്ചതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും മറ്റ് വിദേശ ഇനങ്ങളുമായി ക്രോസ്-ബ്രീഡിങ് നടത്തുന്നതിന് പകരം തദ്ദേശീയ ഇനങ്ങളുടെ ശുദ്ധമായ ഭ്രൂണവും ബീജവും ഉപയോഗിക്കുന്നത് പശുക്കളുടെ സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
വംശനാശ ഭീഷണി നേരിടുന്നതോ എണ്ണത്തില്‍ കുറവുള്ളതോ ആയ നാടന്‍ പശു ഇനങ്ങളെ വേഗത്തില്‍ വംശ വര്‍ധനവ് നടത്തി സംരക്ഷിക്കാന്‍ ഈ ജൈവ സാങ്കേതിക നേട്ടം വഴി സാധിക്കും. ഉയര്‍ന്ന ജനിതക ഗുണമുള്ള കൂടുതല്‍ പെണ്‍കിടാങ്ങള്‍ ജനിക്കുന്നതോടെ കന്നുകാലികളുടെ എണ്ണം അമിതമായി കൂട്ടാതെ തന്നെ വലിയ തോതില്‍ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയും. ഇത് സാധാരണക്കാരായ ക്ഷീര കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഡയറി കോപ്പറേറ്റീവ് പ്രതിനിധികളും കര്‍ഷകരും.