ഓണാഘോഷങ്ങള്‍ക്ക് മഴ ഭീഷണി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഓണാഘോഷങ്ങള്‍ക്ക് മഴ ഭീഷണി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഓണത്തിരക്കുകളിലേക്ക് നാട് കടക്കുമ്പോള്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് ആഘോഷ ദിനങ്ങളില്‍ വില്ലനാകുന്നത്. ഇതിന്റെ സ്വാധീന ഫലമായി പൂരാടം, ഉത്രാടം ദിവസങ്ങളില്‍ കേരളത്തിലുടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മലയോര മേഖലകളില്‍ മഴയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 23 പൂരാട ദിനത്തില്‍ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉത്രാട ദിനമായ ഓഗസ്റ്റ് 24 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും തുടര്‍ന്നുള്ള ദിവസത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

മഴ പെട്ടെന്ന് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഓണ വിപണിയെയും ആഘോഷ പരിപാടികളെയും മഴ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.