ന്യൂഡല്‍ഹി: ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം നടപ്പിലാക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും ബാങ്കിങ് സേവനങ്ങള്‍ സ്തംഭനത്തിലേക്ക്. വിവിധ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തില്‍ ജീവനക്കാര്‍ രണ്ട് ഘട്ടങ്ങളിലായി രാജ്യവ്യാപക പണിമുടക്കിലേക്ക് നീങ്ങുന്നു.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന പണിമുടക്കുകളും പൊതു അവധികളും ഒത്ത് വരുന്നതോടെ രാജ്യത്തുടനീളം ദിവസങ്ങളോളം ബാങ്കുകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. സെപ്റ്റംബറില്‍ രണ്ട് ഘട്ടങ്ങളിലായാണ് ജീവനക്കാര്‍ ജോലി ബഹിഷ്‌ക്കരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് വരുന്ന ശനിയും ഞായറും പൊതുഅവധിയായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടും. കൂടാതെ ചില സംസ്ഥാനങ്ങളില്‍ സെപ്റ്റംബര്‍ 14 തിങ്കളാഴ്ച വിനായകചതുര്‍ഥി അവധി കൂടി വരുന്നതോടെ ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
സെപ്റ്റംബര്‍ അവസാന വാരത്തില്‍ അതിലും രൂക്ഷമായ സേവന സ്തംഭനത്തിനാണ് സാധ്യത. സെപ്റ്റംബര്‍ 28, 29, 30 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയതികളിലാണ് അടുത്ത പണിമുടക്ക്. ഇതിന് തൊട്ടുമുമ്പ് വരുന്ന നാലാം ശനിയും ഞായറും കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തോളം ബാങ്കുകള്‍ അടഞ്ഞുകിടക്കും. രണ്ടാം ഘട്ട പണിമുടക്കിന്റെ ഭാഗമായി ഒക്ടോബര്‍ 26 മുതല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
പണിമുടക്കിന് മുന്നോടിയായി ജീവനക്കാര്‍ വിവിധ പ്രതിഷേധ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് മാത്രം ജോലിയെടുക്കുന്ന വര്‍ക്ക് ടു റൂള്‍ രീതിയാണ് സെപ്റ്റംബര്‍ 10 വരെ പിന്‍തുടരുന്നത്. ഇതിനൊപ്പം പ്രതിഷേധത്തിന്റെ ആദ്യപടിയായി ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളില്‍ നിന്ന് കൂട്ടത്തോടെ എക്‌സിറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തുടര്‍ച്ചയായ ബാങ്ക് അവധികള്‍ സാമ്പത്തിക ഇടപാടുകളെയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.