ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗില്‍ മേഖലയിലുള്ള നണ്‍കുന്‍ മലനിരയ്ക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 18,600 അടി ഉയരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിസാഹസിക രക്ഷാ ദൗത്യം. ട്രക്കിങ്ങിനിടെ പരിക്കേറ്റയാളെ ശക്തമായ കാറ്റിലും കുത്തനെയുള്ള മഞ്ഞുമലയിലും ഹെലികോപ്ടര്‍ ഇറക്കിയാണ് ഇന്ത്യന്‍ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്തത്.
ഓക്‌സിജന്റെ അളവും അന്തരീക്ഷ മര്‍ദ്ദവും കുറവായ സ്ഥലത്തെ രക്ഷാദൗത്യം വളരെ വെല്ലുവിളിനിറഞ്ഞതായിരുന്നു. ശനിയാഴ്ചയാണ് ഈ ദൗത്യം നടന്നത്. പകല്‍ വെളിച്ചം മാറാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ലാന്‍ഡിങ് സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവില്‍ അതീവ അപകടകരമായ വണ്‍-സ്‌കിഡ് ലാന്‍ഡിങ് നടത്തുകയായിരുന്നു സൈനികര്‍. അസാധ്യമെന്ന് തോന്നിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സേനയുടെ കൃത്യതയ്ക്കും ധീരതയ്ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
രക്ഷാ പ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്ത് ഹെലികോപ്ടര്‍ ഇറക്കാന്‍ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ശക്തമായ കാറ്റും കുത്തനെയുള്ള പാറക്കെട്ടും ഹെലികോപ്ടര്‍ ഇറക്കുന്നതിന് തടസം സൃഷ്ടിച്ചു.
എന്നാല്‍ ഹെലികോപ്ടറിന്റെ ഒരു സ്‌കിഡ് മാത്രം പാറക്കെട്ടില്‍ തൊട്ട് നിര്‍ത്തിയാണ് പരിക്കേറ്റ ആളെ ഹെലികോപ്ടറില്‍ കയറ്റിയത്. ഹെലികോപ്ടറിന്റെ ഭാരം പരമാവധി കുറച്ചാണ് ഈ അതിസാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദൗത്യത്തിന് ആവശ്യമായ ഇന്ധനം മാത്രമാണ് നിറച്ചിരുന്നത്. പരിക്കേറ്റ ആളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.