കൊച്ചി: കപ്പുച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസ സഭാംഗമായ റവ. ഡോ. ആന്റണി ലാസര്‍ (OFM Cap.) കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായി.
തത്ത്വചിന്തകന്‍, അധ്യാപകന്‍, ചലച്ചിത്രപഠന ഗവേഷകന്‍, മനുഷ്യ കുടിയേറ്റ മേഖലയിലെ ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. 1999 നവംബര്‍ 23 ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെയായി അജപാലന ശുശ്രൂഷ, വൈദിക പരിശീലനം, വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളില്‍ സേവനം ചെയ്യുന്നു.
തത്ത്വചിന്ത, ദൈവശാസ്ത്രം, വിദ്യാഭ്യാസം, ആശയവിനിമയ ധാര്‍മികത, ചലച്ചിത്ര-തത്ത്വചിന്ത എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. ആന്റണി ലാസര്‍ ഫിലിം ആന്‍ഡ് ഫിലോസഫിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്.
ചലച്ചിത്ര-തത്ത്വചിന്ത, മാധ്യമ-ആശയ വിനിമയം, ഗില്ലസ് ദെല്യൂസിന്റെ തത്ത്വചിന്ത, മനുഷ്യ കുടിയേറ്റ പഠനം, വൈദിക പരിശീലനം, വിദ്യാഭ്യാസ നേതൃത്വം എന്നിവയാണ് പ്രധാന ഗവേഷണ മേഖലകള്‍.
കുടപ്പനക്കുന്ന് മേരി ഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി റെക്ടര്‍, മേരി ഗിരി സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും വിവിധ അജപാലന-പരിശീലന ചുമതലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 മുതല്‍ സമരിറ്റന്‍ അക്കാദമി ഫോര്‍ ഗ്ലോബല്‍ മൈഗ്രന്റ്സ് ഡയറക്ടറായി സേവനം ചെയ്യുന്നു.
ഇന്ത്യയ്ക്കു പുറമെ യു.കെ, ഇറ്റലി, നെതര്‍ലന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിവിധ അക്കാദമിക വേദികളില്‍ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അദേഹം ഇപ്പോള്‍ കേരളത്തിലെ തീരദേശ കത്തോലിക്കാ കുടിയേറ്റക്കാരുടെ ജീവിതവും ഭാവിയും കേന്ദ്രീകരിച്ചുള്ള പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണം നടത്തി വരികയാണ്.