കൊച്ചി: ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പാന്ററി കാര്‍ കരാര്‍ ഏജന്‍സിക്കെതിരെ റെയില്‍വേയുടെ ശക്തമായ നടപടി. ഭക്ഷണ വിതരണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് കരാര്‍ കമ്പനിക്ക് ഐആര്‍സിടിസി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
ഡല്‍ഹിയില്‍ പഠനയാത്ര കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുകയായിരുന്ന 80 അംഗ വിദ്യാര്‍ഥി സംഘത്തിലെ 30 ലേറെ കുട്ടികള്‍ക്കാണ് ട്രെയിനില്‍ നല്‍കിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടത്. യാത്ര മധ്യപ്രദേശിലെ ഇറ്റാര്‍സി കടന്നതോടെ കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും പനിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഖണ്ട്വാ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ അടിയന്തര മെഡിക്കല്‍ സംഘത്തെ ലഭ്യമാക്കി കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി. മുന്‍കരുതലെന്ന നിലയില്‍ പ്രത്യേക റെയില്‍വേ മെഡിക്കല്‍ ടീം ഭുസാവല്‍ സ്റ്റേഷന്‍ വരെ ട്രെയിനില്‍ കുട്ടികളെ അനുഗമിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിതരണം ചെയ്ത ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വരുന്ന മുറയ്ക്ക് കൂടുതല്‍ കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.