കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ദുരന്തത്തില്‍ ഹൈഡ്രോ പവര്‍ തുരങ്കത്തിലെ 93 തൊഴിലാളികളെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചിലില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
രസുവാഗഡി ഹൈഡ്രോ പവര്‍ പ്രൊജക്ടിന്റെ അറ്റങ്ങള്‍വരെ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മമായി പരിശോധിച്ചിട്ടും ജീവിച്ചിരിക്കുന്നവരേയോ മൃതദേഹങ്ങളോ കണ്ടെത്താനായില്ല. തിരച്ചിലിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഭോട്ടെ കോശി നദിയിലുണ്ടായ വന്‍ പ്രളയത്തെ തുടര്‍ന്ന് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയത്.
പക്ഷേ, തുരങ്കത്തിനുള്ളില്‍ ആരേയും കണ്ടെത്താനായില്ല. എന്നാല്‍ പ്രളയത്തില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും സൈന്യം അറിയിച്ചു.
നേപ്പാള്‍ സൈന്യവും എന്‍ജിനീയര്‍മാരും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രവേശിക്കാന്‍ സാധിക്കുന്ന ഭാഗങ്ങളിലൊന്നും ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയതോടെ ഈ മേഖലയിലെ ദൗത്യം തല്‍കാലം അവസാനിപ്പിച്ചു.
രസൂവ, നുവാകോട്ട് ജില്ലകളിലെ 11 ഹൈഡ്രോ പവര്‍ പ്രൊജക്ടുകളിലായി കാണാതായ 933 തൊഴിലാളികള്‍ക്കായുള്ള തിരച്ചിലിന്റെ ഭാഗമായാണ് രസൂവാഗഡിയിലും പരിശോധന നടത്തിയത്.