കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളില്‍ സേവനം തേടിയെത്തുന്ന ഉപഭോക്താവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റക്കാരനാണെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായത വിധി. ഉപഭോക്താവ് അല്ലെങ്കില്‍ കസ്റ്റമര്‍ കുറ്റക്കാരനല്ലെന്ന മുന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കസ്റ്റമറെ പ്രതിയാക്കാന്‍ സാധിക്കുമോ എന്ന നിയമ പ്രശ്‌നത്തില്‍ മുന്‍ ഉത്തരവുകളില്‍ ഭിന്നത നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ വ്യക്തത വരുത്തല്‍. സാമ്പത്തിക ലാഭത്തിനായി വ്യക്തികളെ ചൂഷണം ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങളാണ് അനാശാസ്യ കേന്ദ്രങ്ങളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ ലൈംഗികത്തൊഴിലാളികള്‍ കച്ചവടച്ചരക്കാക്കപ്പെടുകയും നടത്തിപ്പുകാര്‍ ലാഭം കൊയ്യുകയുമാണ് ചെയ്യുന്നത്.
ഉപഭോക്താക്കളുടെ അഭാവത്തില്‍ ഇത്തരം നിയമവിരുദ്ധ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. സൗകര്യങ്ങള്‍ ഒരുക്കുന്ന നടത്തിപ്പുകാരനൊപ്പം തന്നെ കസ്റ്റമറും ഈ വ്യവസ്ഥിതിയെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കൂട്ടരുടെയും സാന്നിധ്യമുള്ളപ്പോഴാണ് അനാശാസ്യ കേന്ദ്രങ്ങളിലെ ചൂഷണം നടക്കുന്നത്. അതിനാല്‍ കസ്റ്റമറെ ക്രിമിനല്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്നത് നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.