മണ്‍സൂണ്‍ ദുര്‍ബലമാകുന്നത് ഇന്ത്യക്കും ആശങ്ക
ജനീവ: ലോകത്തെ വന്‍ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ട് ഗോഡ്‌സില്ല എല്‍ നിനോ അസാധാരണമാംവിധം ശക്തിപ്രാപിക്കുന്നതായി ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ്. സമുദ്ര താപനിലയിലെ അനിയന്ത്രിതമായ വര്‍ധനവ് കാരണം ഭൂമി നിലവില്‍ ഒരു അതിതീവ്ര കാലാവസ്ഥാ അപകടമേഖലയിലാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷാവസാനത്തോടെ മൂര്‍ധന്യാവസ്ഥയിലെത്തുന്ന എല്‍ നിനോ പ്രതിഭാസം 2027 ന്റെ തുടക്കം വരെ നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനം.
മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതാണ് ഈ അടിയന്തര സാഹചര്യത്തിന് വഴിവെച്ചത്. സമുദ്രോപരിതലത്തിന് താഴെ താപനില സാധാരണയേക്കാള്‍ എട്ട് ഡിഗ്രി സെല്‍ഷ്യസിലധികം ഉയര്‍ന്ന നിലയിലാണ്. പ്രതിഭാസം ശക്തിപ്രാപിക്കാന്‍ സഹായിക്കുന്ന വലിയൊരു താപശേഖരമാണ് സമുദ്രത്തിനടിയില്‍ രൂപപ്പെട്ടിരിക്കുന്നത്.

ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍
എല്‍ നിനോയുടെ പ്രഭാവം അന്തരീക്ഷത്തിലെ കാറ്റിന്റെ സഞ്ചാരത്തെ മാറ്റിമറിക്കുകയും മഴയുടെയും ചൂടിന്റെയും സ്വാഭാവിക വിതരണത്തെ താറുമാറാക്കുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് കടുത്ത ചൂട്, ദീര്‍ഘകാല വരള്‍ച്ച, കാട്ടുതീ, കുടിവെള്ള ക്ഷാമം എന്നിവയ്ക്ക് കാരണമാകും. അതേസമയം മറ്റ് ചില പ്രദേശങ്ങളില്‍ അപ്രതീക്ഷിതവും ശക്തവുമായ പ്രളയത്തിനും സാധ്യതയുണ്ട്.
ഇന്ത്യക്ക് കനത്ത ആശങ്ക
.jpg)
ശക്തിപ്രാപിക്കുന്ന എല്‍ നിനോ ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെയും കാര്‍ഷിക മേഖലയെയും ജലസുരക്ഷയെയും കനത്ത സമ്മര്‍ദ്ദത്തിലാക്കും. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ എല്‍ നിനോ കൂടുതല്‍ തീവ്രമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ രാജ്യത്ത് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ സെപ്റ്റംബറിലും മഴ സാധാരണ ലഭിക്കേണ്ട തോതിലും താഴെയാകുമെന്നാണ് പ്രവചനം.
മുന്‍കരുതല്‍ അടിയന്തരം
ദുരന്തങ്ങള്‍ സംഭവിച്ച ശേഷമുള്ള ആശ്വാസ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ മുന്നറിയിപ്പുകള്‍ അടിസ്ഥാനമാക്കി സര്‍ക്കാരുകളും കര്‍ഷകരും ആരോഗ്യ പ്രതിരോധ ഏജന്‍സികളും അടിയന്തര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.