ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ഭൗമനിരീക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന് ഐഎസ്ആര്‍ഒയുടെ പുതിയ ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2:55 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് ജിഎസ്എല്‍വി-എഫ്17 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച ഉപഗ്രഹത്തെ നിശ്ചിത സബ് ജിയോ സിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി എത്തിച്ചതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു.
സാധാരണ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങള്‍ കേവലം 100 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഇഒഎസ്-05 ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിലോമീറ്റര്‍ ദൂരത്തിലുള്ള ജിയോസിന്‍ക്രണസ് ഭ്രമണപഥത്തിലാണ് നിലയുറപ്പിക്കുന്നത്. ഇത് ഭൂമിക്ക് മുകളില്‍ ഒരേ സ്ഥാനത്ത് നിന്ന് വിശാലമായ പ്രദേശങ്ങളെ തുടര്‍ച്ചയായും തത്സമയമായും നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞരെയും ദുരന്തനിവാരണ സേനകളെയും സഹായിക്കും. ചുഴലിക്കാറ്റുകള്‍, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ അതിവേഗം പടരുന്ന സാഹചര്യങ്ങളില്‍ ഈ സാങ്കേതിക വിദ്യ വഴി തത്സമയ വിവരങ്ങള്‍ ലഭ്യമാകും. കൂടാതെ അതിര്‍ത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കൃഷി എന്നിവയ്ക്കും ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തും.
ഈ സാമ്പത്തിക വര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിജയമാണിതെന്ന് വിക്ഷേപണത്തിന് ശേഷം ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ വ്യക്തമാക്കി. ഈ വര്‍ഷം ആറ് വിക്ഷേപണങ്ങള്‍ കൂടി നടത്താന്‍ പദ്ധതിയുണ്ടെന്നും ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദേഹം അറിയിച്ചു.