തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ പോപ്കോണിനും കുപ്പിവെള്ളത്തിനും ഉള്‍പ്പെടെ അമിതവില ഈടാക്കുന്നതില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പായ്ക്കറ്റിലാക്കാതെ വില്‍ക്കുന്ന പോപ്കോണിന്റെ തൂക്കവും എം.ആര്‍.പിയും പരിശോധിക്കാന്‍ തടസ്സമുണ്ട്. എന്നാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലവിവര പട്ടികയില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ തുക വാങ്ങിയാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും.
പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്കോണ്‍ തിയറ്ററിനുള്ളില്‍ 250 രൂപയ്ക്ക് വരെ വില്‍ക്കുന്നുവെന്നും കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നുവെന്നും ആരോപിച്ച് തിരുവനന്തപുരം മേയര്‍ വി.വി രാജേഷാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്.
അതേസമയം പായ്ക്കറ്റിലുള്ളതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങളുടെ വില്‍പനവില നിശ്ചയിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരമില്ലെന്ന് വകുപ്പ് മേധാവി രാജേഷ് സാം വ്യക്തമാക്കി. ഉല്‍പ്പാദകനാണ് വില നിശ്ചയിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വകുപ്പിന് അധികാരമുണ്ട്. അളവില്‍ കുറവുണ്ടാകുകയോ ഒരേ അളവിന് കൂടുതല്‍ തുക ഈടാക്കുകയോ ചെയ്താല്‍ കേസെടുക്കാമെങ്കിലും ഇതിന് ഉപഭോക്താക്കളുടെ പക്കല്‍ ബില്‍ നിര്‍ബന്ധമാണ്.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിലും പരീക്ഷാഹാളുകളിലും കുടിവെള്ളം അനുവദിക്കാറുണ്ട്. വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളം തിയറ്ററുകളിലേക്ക് അനുവദിക്കാതിരിക്കുന്നത് ഉപഭോക്തൃ-മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തില്‍ പുറത്തുനിന്നുള്ള വെള്ളം അനുവദിക്കണമെന്നും കുപ്പിവെള്ളത്തിന്റെ അമിത വില ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.