തൃശൂര്‍: കയ്പ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിണ്ടിഗലിലെ പിഎസ്എന്‍എ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
തങ്ങളെ അറിയിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ ട്രിപ്പ് പോയതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്വയം ട്രിപ്പ് പ്ലാന്‍ ചെയ്ത് പോയതാകാമെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.
പനമ്പിക്കുന്ന് സെന്ററില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന (20), ദിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ഇവരില്‍ സന്തോഷ് കോളജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. വീട്ടില്‍ പോയതിനു ശേഷമാണ് ട്രിപ്പ് പോയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും തൃശൂരില്‍ എത്തിയിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം, അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മതിയായ സൂചനാ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍ പാര്‍ക്ക് ചെയ്തതും അപകടകാരണമായി. ഇതിന് 100 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് നേരത്തെ നടന്‍ കൊല്ലം സുധി മരണപ്പെട്ട അപകടം നടന്നത്.