ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തില്‍ തുടരുകയാണ്.
രക്ഷപെടുത്തിയ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവര്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസ് ആശുപത്രിയിലുമായി ചികിത്സയിലാണ്. അപകടകാരണം അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ വിദ്യാര്‍ഥി സംഘടനകള്‍ എംസിഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.
എംസിഡി കമ്മീഷണര്‍ രാജിവയ്ക്കണമെന്നും ഡല്‍ഹിയിലെ പഴയ കെട്ടിടങ്ങളില്‍ അടിയന്തരമായി സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡല്‍ഹി സര്‍ക്കാരിനും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യനികേതനു സമീപത്തെ ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ ഉടമസ്ഥനെന്ന് ആരോപിക്കപ്പെടുന്ന ഹരിറാമിനും മറ്റുള്ളവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നടന്നിരുന്ന നവീകരണ പ്രവര്‍ത്തനങ്ങളാകാം തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.