ചെങ്ങന്നൂര്‍: ഇ.ഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി 'പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ' എന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം.
ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളാണ് പിണറായിക്കുള്ളത്. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കാന്‍ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. അവിടെ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ക്ഷുഭിതനായുള്ള പ്രതികരണം.
പിണറായി വിജയനും മകള്‍ ടി. വീണയ്ക്കും മുന്‍മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ മകള്‍ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
വീണയുടെ ഭര്‍ത്താവായ മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് കടത്താനും നേതൃത്വം നല്‍കിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്.