ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തിയത് ലോക മാധ്യമ ശ്രദ്ധയാകര്‍ഷിച്ച അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെ. ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം രൂക്ഷമായി നില്‍ക്കെ, കനത്ത സുരക്ഷ ഉറപ്പാക്കാന്‍ റഷ്യന്‍ സുരക്ഷാ വ്യൂഹം പ്രയോഗിച്ചത് വിപ്ലവകരമായ ഡബിള്‍ ഡികോയ് (Double Decoy) തന്ത്രമാണ്.
ഒരേ രൂപ ഭാവങ്ങളുള്ള രണ്ട് ഇല്യൂഷിന്‍ IL-96-300PU വിമാനങ്ങളാണ് ഒരേ സമയം റഷ്യയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്നത്. റഡാര്‍ നിരീക്ഷണങ്ങളിലോ ശത്രു കേന്ദ്രങ്ങള്‍ക്കോ തിരിച്ചറിയാന്‍ കഴിയാത്തവിധം ഒരേ പാതയിലൂടെ സഞ്ചരിച്ച രണ്ട് വിമാനങ്ങളില്‍ ഏതിലാണ് പുടിന്‍ ഉള്ളതെന്ന് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത് അദേഹം പുറത്തിറങ്ങുന്നതുവരെ നിഗൂഢമായി തുടര്‍ന്നു. വിരലിലെണ്ണാവുന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതിന്റെ വിവരങ്ങള്‍ ലഭ്യമായിരുന്നത്.
പറക്കും ക്രെംലിന്‍ എന്നും ഡൂംസ്‌ഡേ പ്ലെയിന്‍ (Doomsday Plane) എന്നും അറിയപ്പെടുന്ന അത്യാധുനിക സംവിധാനങ്ങളുള്ള വിമാനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് യാത്ര ചെയ്തത്. 1980 ല്‍ ഇല്യൂഷിന്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത IL-96-300 PU വിമാനത്തിന്റെ പ്രത്യേക പരിഷ്‌കരിച്ച പതിപ്പാണിത്. ഏതെങ്കിലും തരത്തിലുള്ള ആണവ യുദ്ധമോ ഭരണകൂട സംവിധാനങ്ങളെ തകര്‍ക്കുന്ന മറ്റ് അടിയന്തര ദുരന്തങ്ങളോ ഉണ്ടായാല്‍, വ്യോമപാതയില്‍ തുടര്‍ന്നുകൊണ്ടു തന്നെ രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കാനും പ്രതിരോധ നീക്കങ്ങള്‍ക്ക് ഉത്തരവ് നല്‍കാനുമുള്ള സമ്പൂര്‍ണ വ്യോമ കമാന്‍ഡ് പോസ്റ്റായി ഈ വിമാനം പ്രവര്‍ത്തിക്കും.
നാല് അവിയാഡ്വിഗേറ്റ് PS-90A ടര്‍ബോഫാന്‍ എഞ്ചിന്‍ ശേഷിയുള്ള ഈ വിമാനത്തിന് ഒരൊറ്റ യാത്രയില്‍ ഇന്ധനം നിറയ്ക്കാതെ 11,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. സുരക്ഷിതമായ ആശയവിനിമയത്തിനായി എന്‍ക്രിപ്റ്റഡ് സാറ്റലൈറ്റ് ലിങ്കുകള്‍, ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും വഴിതിരിച്ചുവിടാനുള്ള റഡാര്‍ ജാമിങ് സാങ്കേതികവിദ്യ, പ്രതിരോധ പവറുകള്‍ എന്നിവ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കേവലം സുരക്ഷാ തന്ത്രങ്ങള്‍ മാത്രമായിരുന്നില്ല വിമാനത്തിനുള്ളില്‍ ഒരുക്കിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം പ്രസിഡന്റിനായുള്ള പ്രൈവറ്റ് സ്യൂട്ട്, ബെഡ്‌റൂം, ബാത്ത്‌റൂം, കിച്ചന്‍, ഡൈനിങ് ഏരിയ, കോണ്‍ഫറന്‍സ് റൂം തുടങ്ങിയ അത്യാധുനിക ആഡംബര സൗകര്യങ്ങളും വിമാനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ലോകത്ത് നിലവില്‍ റഷ്യയ്ക്കും അമേരിക്കയ്ക്കും മാത്രമാണ് ഇത്തരത്തിലുള്ള വ്യോമ കമാന്‍ഡ് പോസ്റ്റുകളുള്ളത്. ബോയിങ് 747-200ബി വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തി തയാറാക്കിയ ബോയിങ് ഇ-4 നൈറ്റ്വാച്ചാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ആകാശ കമാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.