ന്യൂഡല്‍ഹി: ആഗോള വ്യാപാരത്തിന്റെ വികാസത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും സുരക്ഷിതമായ സമുദ്രപാതകളും തടസമില്ലാത്ത വിതരണ ശൃംഖലകളും അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് അന്താരാഷ്ട്ര നാവിക ഗതാഗതത്തിന്റെ സുരക്ഷയില്‍ ഇന്ത്യക്കുള്ള ഉറച്ച നിലപാട് അദേഹം വ്യക്തമാക്കിയത്. നാവികരുടെ ജീവന്റെ സംരക്ഷണവും നാവിക സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് അദേഹം ഓര്‍മിപ്പിച്ചു.
ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികരുടെ ജീവന്‍ അപഹരിച്ച ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങളുമാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് ആധാരം. പശ്ചിമേഷ്യന്‍ കരിങ്കടല്‍ മേഖലകളില്‍ ഉണ്ടായ യുദ്ധാ അന്തരീക്ഷം അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തെയും സാധാരണക്കാരായ നാവികരെയും പ്രതികൂലമായി ബാധിച്ച വിഷയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും അദേഹം ഉന്നയിച്ചു.
ലോക സാമ്പത്തിക രംഗത്ത് ബ്രിക്സ് ശക്തിപ്പെടുന്നതിന്റെ വിവരങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ലോക ജനസംഖ്യയുടെ പകുതിയും ആഗോള ജിഡിപിയുടെ 40 ശതമാനവും വിപണി വ്യാപാരത്തിന്റെ നാലിലൊന്നും ബ്രിക്സിന്റെ അധീനതയിലാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗതയിലാണ് ബ്രിക്സ് സാമ്പത്തിക ശക്തി കൈവരിക്കുന്നത്. സാങ്കേതിക രംഗത്തും വ്യവസായ മേഖലയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അദേഹം പറഞ്ഞു.
രണ്ട് ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 120 യുണികോണുകളുമുള്ള ഇന്ത്യ, കപ്പല്‍ നിര്‍മാണം, ബയോടെക്നോളജി, ക്വാണ്ടം സാങ്കേതിക വിദ്യ, സെമികണ്ടക്ടറുകള്‍ എന്നിവയില്‍ വലിയ ശേഷി കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ പകുതിയും ഇന്ത്യയുടെ യുപിഐ സംവിധാനം വഴിയാണ് പൂര്‍ത്തിയാകുന്നത്. വ്യാപാര തടസങ്ങള്‍ ഒഴിവാക്കുന്നതിന് 10 പ്രധാന മേഖലകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോഡി ബ്രിക്സ് ബിസിനസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനും 1000 പുതിയ വ്യവസായ പങ്കാളിത്തങ്ങള്‍ ഉറപ്പാക്കാനും അദേഹം ആഹ്വാനം ചെയ്തു.