'വിവാഹത്തിന് ഒറ്റ വിഭവം മാത്രം, കടകള്‍ നേരത്തേ അടയ്ക്കണം; പുതിയ വാഹനം വാങ്ങരുത്': സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പാകിസ്ഥാന്‍

'വിവാഹത്തിന് ഒറ്റ വിഭവം മാത്രം, കടകള്‍ നേരത്തേ അടയ്ക്കണം;  പുതിയ വാഹനം വാങ്ങരുത്': സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പാകിസ്ഥാന്‍

ഇസ്ലമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ ചെലവു ചുരുക്കല്‍ നടപടികളുമായി പാകിസ്ഥാന്‍.

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം സര്‍ക്കാര്‍ വാഹനങ്ങളും വാങ്ങുന്നതിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍, സായുധ സേനകള്‍, ക്രമസമാധാന പാലകര്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഇന്ധന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കടകളും ഷോപ്പിങ് മാളുകളും ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിയോടെ അടയ്ക്കണം. വിവാഹച്ചടങ്ങുകള്‍ അടക്കമുള്ള ആഘോഷങ്ങളില്‍ ഒരൊറ്റ വിഭവം മാത്രമേ വിളമ്പാവൂ എന്നും ഉത്തരവില്‍ പറയുന്നു.

വിവാഹ ഹാളുകള്‍ രാത്രി പത്ത് മണിക്കും റെസ്റ്റോറന്റുകളും ഭക്ഷണ ശാലകളും രാത്രി 11 മണിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കണം. എന്നാല്‍ ഫാര്‍മസികള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ഐ.ടി കമ്പനികള്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല.

മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശ യാത്രകള്‍ക്ക് മൂന്ന് മാസത്തേക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത യാത്രകള്‍ക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്. കൂടാതെ ഔദ്യോഗിക അത്താഴ വിരുന്നുകള്‍ക്കും സെമിനാറുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.