കൊച്ചി: രാഷ്ട്രീയ തിരിച്ചടികള്‍ക്ക് പിന്നാലെ ഏറെ വിവാദം സൃഷ്ടിച്ച സി.എം.ആര്.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് സൊലൂഷന്‍സ് ഡയറക്ടറുമായ ടി. വീണയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശകത്മാക്കുന്നു. കേസില്‍ ഉടന്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിന്റെ ഭാഗമായി വീണയുടെ പേരിലുള്ള വസ്തുവകകള്‍ പൂര്‍ണമായും കണ്ടുകെട്ടാനുള്ള അന്തിമ നടപടികള്‍ക്ക് ഇ.ഡി ഓഫീസില്‍ തുടക്കമായി.
എക്സാലോജിക് കമ്പനിയുടെ പേരില്‍ വീണയ്ക്കുള്ള ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ നേരത്തേ തന്നെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയിലെ പിണറായി, പാതിരിയാട് വില്ലേജുകളിലായി വീണയുടെ പേരിലുള്ള 80 സെന്റോളം സ്ഥലവും വീടിനോട് ചേര്‍ന്നുള്ള മറ്റ് വസ്തു വകകളും ഇ.ഡി ഉദ്യോഗസ്ഥര്‍ കൃത്യമായി അളന്നുതിട്ടപ്പെടുത്തി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കുന്നതോടെ കണ്ടുകെട്ടല്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും.
സാമ്പത്തിക തട്ടിപ്പ് തടയല്‍ നിയമപ്രകാരം കേസില്‍ വിവിധ പ്രതികളുടെയായി ആകെ 29.02 കോടി രൂപയുടെ സ്വത്തുക്കളാണ് ഇതിനോടകം ഇ.ഡി മരവിപ്പിച്ചിരിക്കുന്നത്. ഇതില്‍ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ 15.57 ലക്ഷം രൂപ, എക്സാലോജിക്കിന്റെ 27,585 രൂപ, സി.എം.ആര്.എല്‍ സ്ഥാപക എം.ഡി ശശിധരന് കര്‍ത്തയുടെ 11.70 കോടി രൂപ എന്നിവ ഉള്‍പ്പെടുന്നു. മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കിലോഗ്രാമിലധികം വരുന്ന സ്വര്‍ണാഭരണങ്ങളും മരവിപ്പിച്ചവയില്‍ പെടുന്നു. വൈകാതെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തോടെ കേസിന്റെ നിയമനടപടികള്‍ കൂടുതല്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കും.