ചെന്നൈ: നടി അംബികയ്ക്കും സഹോദരന് മല്ലികാര്‍ജുന്‍ കുഞ്ചന്‍ നായര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് ഇരുവര്‍ക്കുമെതിരെ രാധ പരാതി നല്‍കിയത്.
അഞ്ച് ചെക്കുകളിലായി 46 കോടി രൂപ തട്ടിയെന്നാണ് രാധ പരാതി. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകള്‍ അനുമതി ഇല്ലാതെ ഇവര്‍ കൈക്കലാക്കിയെന്നും 46 കോടി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി എ.ആര്.എസ് ഗാര്‍ഡന്‍സ് സ്റ്റുഡിയോ എന്ന പേരില്‍ ഉപയോഗിച്ചിരുന്ന ഐഡിബിഐ ബാങ്കിലെ കറന്റ് അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് രാധ പറയുന്നത്.
യാത്രയിലായിരിക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകള്‍, നികുതി, ഗാര്ഡന് പരിപാലനം തുടങ്ങിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകള്‍ മുറിയില്‍ സൂക്ഷിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.
2025 ജനുവരിയില്‍ ബിസിനസിന്റെ പേര് ആര്.ആര് ഗാര്‍ഡന്‍സ് എന്നാക്കി മാറ്റിയതിനെ തുടര്‍ന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തി. പിന്നീട് പഴയ ചെക്ക് ബുക്കിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല.
പഴയ ചെക്കുകളില്‍ അഞ്ചെണ്ണം അംബികയുടെ പേരില്‍ പണമാക്കുന്നതിനായി ഹാജരാക്കിയെന്ന് അറിയിച്ച് സെപ്തംബര്‍ 17 ന് ബാങ്കില്‍ നിന്ന് സന്ദേശം ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും രാധ പരാതിയില്‍ പറയുന്നു.